നേതാക്കള്‍ കളത്തില്‍; തലസ്ഥാനം പിടിക്കാന്‍ യുഡിഎഫ് തേരോട്ടം; തരൂരും മുരളീധരനും പ്രചാരണ രംഗത്ത്

Jaihind News Bureau
Sunday, November 16, 2025

ശശി തരൂര്‍ എംപിയും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരനും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ നേരിട്ട് പ്രചരണത്തിനിറങ്ങിയതോടെ തലസ്ഥാനത്ത് യുഡിഎഫ് ക്യാമ്പ് ഏറെ സജീവമായി. കവടിയാര്‍ വാര്‍ഡിലെ യുഡിഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥനോടൊപ്പം വെള്ളയമ്പലം ബിഷപ്പ് ഹൗസിനോട് ചേര്‍ന്നുള്ള സെന്റ്. തെരേസാസ് പള്ളിയിലാണ് ശശി തരൂര്‍ എംപി വോട്ട് തേടി എത്തിയത്. ശാസ്തമംഗലം വാര്‍ഡില്‍ ജനവിധി തേടുന്ന സരള റാണിയ്ക്ക് വോട്ട് ആഭ്യര്‍ത്ഥിച്ച് വീട് വീടാന്തരം കയറിയാണ്  കെ മുരളീധരന്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.

അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും വിളനിലമായി ഇടത് ദുര്‍ഭരണത്തില്‍ പൊറുതി മുട്ടുന്ന തിരുവനന്തപുരം നഗരത്തെ വീണ്ടെടുക്കുന്നതിനുള്ള യുഡിഎഫ് തേരോട്ടം മുന്‍നിര നേതാക്കള്‍ തന്നെ കളത്തില്‍ ഇറങ്ങി നയിക്കുകയാണ്. കെ മുരളീധരനും ശശി തരൂര്‍ എംപിയും നേരിട്ട് പ്രചരണരംഗത്ത് ഇറങ്ങിയത് യുഡിഎഫ് ക്യാമ്പിന് വര്‍ദ്ധിതവീര്യമാണ് പകര്‍ന്നത്. ശബരിനാഥന്‍ മികവുറ്റ സ്ഥാനാര്‍ത്ഥി എന്നും യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും ശശി തരൂര്‍ എംപി പറഞ്ഞു.

നഗരസഭയിലെ 101 വാര്‍ഡുകളിലും ജനകീയ വിചാരണ യാത്രയുമായി യൂഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ക്യാമ്പായിന് തുടക്കം കുറിച്ച കെ.മുരളീധരന്‍ പണിക്കേഴ്‌സ് ലൈനിലെ വീടുകളില്‍ കയറി നേരിട്ട് വോട്ട് അഭ്യര്‍ത്ഥിച്ചാണ് പ്രചരണത്തിന് ഊര്‍ജ്ജം പകര്‍ന്നത്.

ഏതായാലും മുന്‍നിര നേതാക്കള്‍ തന്നെ നേരിട്ട് പ്രചരണ രംഗത്തിറങ്ങി പട നയിക്കുന്നത് തലസ്ഥാന നഗരം പിടിക്കുവാന്‍ പ്രയാണം തുടരുന്ന യുഡിഎഫ് ക്യാമ്പിന് ഏറെ ആത്മവിശ്വാസമാണ് പകരുന്നത്.