
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു. കേസിലെ മുഖ്യപ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു ഡോക്ടറെക്കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പത്താന്‍കോട്ടില്‍ നിന്നാണ് സര്‍ജനായ റയീസ് അഹമ്മദിനെ പിടികൂടിയത്. ഇയാള്‍ പലതവണ സ്‌ഫോടനവുമായി ബന്ധമുള്ള അല്‍ഫലാ യൂണിവേഴ്‌സിറ്റിയിലേക്ക് വിളിച്ചതായി വിവരമുണ്ട്.
നേരത്തെ കസ്റ്റഡിയിലെടുത്ത ഡോക്ടര്‍മാരായ മുസമ്മില്‍, ആദില്‍, ഷഹീദ എന്നിവരെ ഹരിയാന പൊലീസ് എന്‍.ഐ.എക്ക് കൈമാറി. ഇവരെ ദില്ലിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്. അറസ്റ്റിലായ റയീസ് അഹമ്മദിനെയും ഇന്ന് ചോദ്യം ചെയ്യും. ഇവരുമായി ബന്ധമുള്ള മറ്റൊരു ഡോക്ടറെ ഇന്നലെ ഉത്തര്‍പ്രദേശില്‍ നിന്ന് പിടികൂടിയിരുന്നു.
പ്രതികള്‍ ജോലി ചെയ്തിരുന്ന അല്‍ഫലാഹ് സര്‍വകലാശാലയില്‍ നിന്ന് നാല് പേരെക്കൂടി ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹരിയാനയിലെ നൂഹിലടക്കം വിവിധയിടങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്. എന്‍.ഐ.എ. കേസിന് പുറമെ, ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് പുതിയൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഡോക്ടര്‍മാരുടെ രജിസ്ട്രേഷന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ റദ്ദാക്കി. അതേസമയം, ഭീകരന്‍ ഉമറിന്റെ വീട് പൊളിച്ചുനീക്കിയ നടപടിയെ വിമര്‍ശിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള രംഗത്തെത്തി. ഇത്തരം നടപടികള്‍ കൊണ്ട് മാത്രം ഭീകരവാദം അവസാനിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.