
തലശ്ശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച പാനൂര്‍ പാലത്തായി പീഡനക്കേസിലെ പ്രതിയും ബിജെപി നേതാവുമായ കെ. പത്മരാജന്റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷാവിധി പ്രസ്താവിക്കുക. ജഡ്ജി എം. ടി. ജലജ റാണിയാണ് കേസില്‍ വിധി പ്രഖ്യാപിക്കുന്നത്.
കടവത്തൂര്‍ സ്വദേശിയായ കെ. പത്മരാജന് കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വിധിച്ചിരുന്നു. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതിക്കെതിരെ 376 എബി, പോക്സോ ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് തെളിഞ്ഞത്. ഈ കുറ്റങ്ങള്‍ക്ക് ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്നതാണ്. കേസില്‍ ശിക്ഷാവിധി എന്തായിരിക്കുമെന്ന ആകാംഷയിലാണ് പൊതുസമൂഹം. ശിശുദിനമായ നവംബര്‍ 14-നായിരുന്നു കേസില്‍ കോടതി വിധി പറഞ്ഞതെന്നതും ശ്രദ്ധേയമാണ്.
ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു കെ. പത്മരാജന്. 2024 ഫെബ്രുവരി 23-നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 2025 ഓഗസ്റ്റ് 13 വരെ തുടര്‍ച്ചയായി വിചാരണ നടന്നു. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ചുദിവസമാണ് കോടതി രേഖപ്പെടുത്തിയത്. പ്രോസിക്യൂഷന് കുട്ടിയുടെ സുഹൃത്തായ വിദ്യാര്‍ഥി, നാല് അധ്യാപകര്‍ ഉള്‍പ്പെടെ 40 സാക്ഷികളെ വിസ്തരിച്ചു. കേസില്‍ 77 രേഖകളും 14 തൊണ്ടിമുതലുകളും കോടതിയില്‍ തെളിവായി ഹാജരാക്കിയിരുന്നു.