പാലത്തായി പീഡനക്കേസ്: പോക്സോ കേസില്‍ ബിജെപി നേതാവ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ

Jaihind News Bureau
Friday, November 14, 2025

പാലത്തായി പീഡനക്കേസിലെ പ്രതിയായ കടവത്തൂര്‍ മുണ്ടത്തോട്ടില്‍ കെ. പത്മരാജന്‍ കുറ്റക്കാരനെന്ന് തലശ്ശേരി പോക്സോ സ്പെഷല്‍ കോടതി ജഡ്ജി എം.ടി. ജലജ റാണി വിധിച്ചു. ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെതിരായ കേസില്‍ ശിക്ഷ നാളെ പ്രഖ്യാപിക്കും. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജന്‍, നാലാം ക്ലാസുകാരിയായ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. 2020 ജനുവരിയിലും ഫെബ്രുവരിയിലുമായി മൂന്ന് തവണ പെണ്‍കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

ഈ കേസ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പത്തുവയസുകാരി പീഡനത്തിനിരയായെന്ന വിവരം ആദ്യം ചൈല്‍ഡ് ലൈനിനാണ് ലഭിച്ചത്. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാനൂര്‍ പോലീസ് 2020 മാര്‍ച്ച് 17-ന് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പ്രതിയെ 2020 ഏപ്രില്‍ 15-ന് പൊയിലൂര്‍ വിളക്കോട്ടൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു. പിന്നീട് കുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24-ന് സംസ്ഥാന പോലീസ് മേധാവി കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇടക്കാല കുറ്റപത്രത്തില്‍ നിന്ന് പോക്സോ വകുപ്പ് ഒഴിവാക്കിയത് അന്ന് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പ്രതിക്ക് ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നര്‍കോട്ടിക് സെല്‍ എഎസ്പി രേഷ്മ രമേഷ് ഉള്‍പ്പെട്ട സംഘത്തെ പുതിയ അന്വേഷണത്തിനായി നിയോഗിച്ചത്.

2024 ഫെബ്രുവരി 23-നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. കൂടാതെ കുട്ടിയുടെ സുഹൃത്തായ വിദ്യാര്‍ഥി, നാല് അധ്യാപകര്‍ ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. സ്വകാര്യഭാഗത്ത് മുറിവുണ്ടായതിന്റെയും തുടര്‍ന്ന് ചികിത്സ തേടിയതിന്റെയും വിവരങ്ങളും തെളിവുകളായി കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പി.എം. ഭാസുരിയും പ്രതിഭാഗത്തിനുവേണ്ടി പി. പ്രേമരാജനുമാണ് കോടതിയില്‍ ഹാജരായത്.