
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. തിരുവനന്തപുരം നഗരസഭയിലെ ഇടതു ദുര്‍ഭരണത്തിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍ നയിച്ച ജനകീയ വിചാരണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയില്‍ യു.ഡി.എഫ്. ശക്തമായി തിരിച്ചുവരുമെന്നും, കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഇടതുമുന്നണി ഭരണം അവസാനിക്കണം. ഈ ലക്ഷ്യത്തിലേക്ക് നാന്ദി കുറിക്കുന്നത് വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് വോട്ട് രേഖപ്പെടുത്താനായി ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും മുന്നണി ഒറ്റക്കെട്ടാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഒരു അപാകതയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുമുന്നണിയുടെ ദുര്‍ഭരണം ജനങ്ങള്‍ക്ക് മടുത്തുവെന്നും തിരുവനന്തപുരം കോര്‍പ്പറേഷന്‍ അഴിമതിയുടെയും കൊള്ളയുടെയും കേന്ദ്രമായി മാറിയെന്നും ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. റോഡുകളിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്നില്ല, തെരുവ് വിളക്കുകള്‍ കത്തുന്നില്ല, വികസനത്തിന് വേണ്ട കോടികള്‍ എന്ത് ചെയ്തു എന്നതിനെക്കുറിച്ച് ഭരണസമിതിക്ക് മറുപടിയില്ലെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. നഗരത്തില്‍ മാലിന്യ കൂമ്പാരങ്ങള്‍ കുന്നുകൂടുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ വേദന മനസ്സിലാക്കാന്‍ നിലവിലെ ഭരണസമിതിക്ക് സാധിച്ചിട്ടില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മേയര്‍ക്കെതിരെയും രമേശ് ചെന്നിത്തല കടുത്ത വിമര്‍ശനമുന്നയിച്ചു. മേയര്‍ കോഴിക്കോട്ടേക്ക് പോയത് നന്നായി. കോഴിക്കോട് സ്ഥിരം താമസമാക്കുന്നതാണ് നല്ലത്. ഇനി തിരുവനന്തപുരത്തേക്ക് വരാന്‍ ജനങ്ങള്‍ സമ്മതിക്കില്ല. കഴിഞ്ഞ ഭരണസമിതിയിലെ ചിലര്‍ക്ക് വീണ്ടും മത്സരിക്കാന്‍ പോലും സീറ്റ് കൊടുത്തില്ല. അവര്‍ നടത്തിയത് ദുര്‍ഭരണമാണെന്ന് പാര്‍ട്ടിക്ക് അറിയാവുന്നത് കൊണ്ടാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു. നാല് പതിറ്റാണ്ടായി കോര്‍പ്പറേഷന്‍ ഭരിച്ചു മുടിച്ചവര്‍ക്ക് എതിരെയുള്ള വിധിയെഴുതാനുള്ള ഒരു അവസരമാണിത്. ഈ തിരഞ്ഞെടുപ്പിനെ ജനങ്ങള്‍ ഒരു അവസരമായി കാണണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.