
മനസിന് കട്ടിയില്ലാത്തവരായാല്‍ ഏതാണ്ട് ശിവന്‍കുട്ടിയെ പോലെയാകും എന്നതാണ് ഇപ്പോഴത്തെ പഴമൊഴി. കോപം, പരിഭവം പോലത്തെ വികാരങ്ങള്‍ മറച്ചു വയ്ക്കാന്‍ മന്ത്രിക്ക് പണ്ടേ കഴിവില്ല…എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് മന്ത്രി രംഗത്ത് വന്നത്. എന്നാല്‍, ശിവന്‍ക്കുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തിയതോടെ ഇടത് മുന്നണി വീണ്ടും തുറന്ന പോരിലേക്ക് കടന്നിരിക്കുകയാണ്.
ഒപ്പുവെച്ച കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചതോടെ പിന്‍വാങ്ങേണ്ടി വന്നതിലുള്ള കട്ടകലിപ്പിലാണ് സിപിഎമ്മും വിദ്യാഭ്യാസ മന്ത്രിയും. സി.പി.ഐയുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് മന്ത്രി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. എസ് എസ് കെ ഫണ്ട് കിട്ടിയിട്ടില്ലെങ്കില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും, ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തോണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പി.എം. ശ്രീയില്‍ നിന്ന് കേരളം പിന്മാറിയത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് ബിനോയ് വിശ്വം പ്രതികരിച്ചതില്‍ പ്രകോപിതനായാണ് ശിവന്‍കുട്ടി രംഗത്തെത്തിയത്. ഇത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും കാര്യമല്ലെന്നും ആരെങ്കിലും ഇടപെട്ടതുകൊണ്ടാണ് ഈ തീരുമാനം എന്നും കരുതുന്നില്ലെന്നും തുറന്നടിച്ചു. ഈ വിഷയം എല്ലാ കൂടിയാലോചനകള്‍ക്ക് ശേഷമാണ് എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷ മൂല്യങ്ങളില്‍ നിന്ന് ആര് പുറകോട്ട് പോയി എന്ന് പോസ്റ്റ്മോര്‍ട്ടം നടത്തുന്നില്ലെന്നും, ഇടതുപക്ഷ രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ഏതെങ്കിലും കേന്ദ്രങ്ങളില്‍ നിന്ന് പഠിക്കേണ്ട ഗതികേട് സി.പി.എമ്മിനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിമിഷങ്ങള്‍ക്കുള്ളില്‍ മന്ത്രിക്ക് മറുപടിയുമായി ബിനോയ് വിശ്വവും എത്തി. ശിവന്‍ക്കുട്ടി എന്തിന് പ്രകോപിതനായെന്ന് അറിയില്ലെന്നും, സിപിഐക്ക വ്യക്തമായ നിലപാടുണ്ടെന്നും ബിനോയി വിശ്വവും പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇനി എസ്.എസ്.കെ. ഫണ്ട് ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും മന്ത്രി അറിയിച്ചു. ലഭിക്കേണ്ട 15000 കോടി രൂപ കിട്ടിയില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ തനിക്കില്ലെന്നും, അത് ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും മന്ത്രി സൂചിപ്പിച്ചു. എന്തായാലും പിഎംശ്രീ പദ്ധതിയില്‍ തുറന്ന പോരിനാണ് ഇടത് മുന്നണിയുടെ നീക്കം. ഇപ്പോഴും വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനത്തിലാണ്. സാധാരണയായി എത്ര വലിയ നിലപാടുകള്‍ എടുത്താലും വല്യേട്ടന് മുന്നില്‍ തിരുത്തുന്ന സിപിഐ, പിഎംശ്രീ വിവാദത്തില്‍ കടുംപിടുത്തം പിടിക്കുന്നത് എന്തിനെന്ന ചോദ്യം പ്രസക്തമാണ്.