
ആലപ്പുഴയിലെ അരൂര്‍-തുറവൂര്‍ ദേശീയപാത, ഇന്ന് വെറുമൊരു യാത്രാമാര്‍ഗ്ഗമല്ല. അത് ഭയം വിതയ്ക്കുന്ന, ദുരന്തങ്ങള്‍ പതിവാകുന്ന ഒരു ‘മരണപ്പാത’യായി മാറിക്കഴിഞ്ഞിരിക്കുന്നു. നിര്‍മ്മാണം പുരോഗമിക്കുന്ന ഉയരപ്പാതയുടെ മറവില്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി അധികൃതര്‍ നടത്തുന്ന അനാസ്ഥയുടെ നേര്‍ചിത്രമാണ് ഓരോ ദിവസവും ഇവിടെ അരങ്ങേറുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പാതയിലെ വാര്‍ത്തകളില്‍ നിറയുന്നത് മരണവും അപകടങ്ങളുമാണ്. ഓരോ അപകടവും ഭരണകൂടത്തിന്റെ അനാസ്ഥയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു.
ഏറ്റവും ഒടുവിലായി നടന്ന ദുരന്തമാണ് പിക്കപ്പ് വാന്‍ ഡ്രൈവറായ ഹരിപ്പാട് സ്വദേശി രാജേഷിന്റെ മരണം. പുലര്‍ച്ചെ മുട്ടയുമായി പോയ വാനിന് മുകളിലേക്ക് ഗര്‍ഡറുകള്‍ പതിച്ചത് സുരക്ഷാ വീഴ്ചയുടെ ആഴം വ്യക്തമാക്കുന്നു. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത് എന്ന വിവരം എത്രത്തോളം ദാരുണമാണ്!
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല….കുറച്ചു വര്‍ഷങ്ങളായി ഇത്തരം അപകടങ്ങള്‍ പഴങ്കഥയാണ്. ചന്തിരൂരില്‍ ജെസിബി പിന്നോട്ടെടുത്തപ്പോള്‍ അടിയില്‍പ്പെട്ട് പ്രവീണ്‍ ആര്‍ എന്ന ബൈക്ക് യാത്രികന്‍ മരിച്ച സംഭവവും, ടോള്‍ പ്ലാസയ്ക്ക് സമീപം ട്രക്കുകള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ തിരുവല്ല സ്വദേശിനി രശ്മി മരിച്ചതും, നിര്‍മ്മാണം നടക്കുന്നതിനിടെ ചന്തിരൂരില്‍ സര്‍വീസ് റോഡിലൂടെ പോയ കാറിനു മുകളില്‍ കമ്പിക്കഷണം വീണ് മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നതും, അരൂര്‍-തുറവൂര്‍ പാതയിലെ കുഴികള്‍ കാരണം ദിവസേന ബൈക്ക് യാത്രികരടക്കം നിരവധി പേര്‍ അപകടത്തില്‍പ്പെടുന്നതും ചെറിയ ഉദാഹരണങ്ങള്‍ മാത്രം.
റോഡരികില്‍ നിയമം ലംഘിച്ച് നിര്‍ത്തിയിടുന്ന ഭാരം കയറ്റിയ വാഹനങ്ങള്‍ എത്രയോ കാലമായി ഇവിടെ അപകടക്കെണിയാണ്. വാഹനങ്ങള്‍ കടന്നുപോകുന്ന സര്‍വീസ് റോഡില്‍ പോലും യാതൊരു സുരക്ഷാ മുന്നറിയിപ്പുകളോ ജാഗ്രതയോ ഇല്ല. മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലുമില്ലാതെയാണ് ഇവിടെ പ്രവൃത്തികള്‍ നടക്കുന്നത്. ഒരു വര്‍ഷത്തിലേറെയായി 12.5 കിലോമീറ്റര്‍ കടന്നുപോകാന്‍ മണിക്കൂറുകള്‍ ഇഴഞ്ഞുനീങ്ങേണ്ട ദുരവസ്ഥ! ‘മേല്‍പ്പാത പൂര്‍ത്തീകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം’ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ചൂണ്ടിക്കാണിച്ച വാക്കുകള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.
ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനികളും സുരക്ഷാ കാര്യങ്ങളില്‍ പുലര്‍ത്തുന്ന ഈ നിസ്സംഗതയില്‍ കേരള-കേന്ദ്ര സര്‍ക്കാരുകള്‍ മൗനത്തിലാണ്. റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ ജനങ്ങളുടെ ജീവന്‍ പന്താടുമ്പോള്‍, അടിക്കടി റിപ്പോര്‍്ടടുകള്‍ തേടുന്നതിനപ്പുറം ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ ആരും ശ്രമിക്കുന്നില്ല.
ഈ പാതയിലൂടെ ഭയത്തോടെ യാത്ര ചെയ്യേണ്ടി വരുന്ന ഓരോ സാധാരണക്കാരനും ചോദിക്കുന്ന ചോദ്യം ഒന്നുമാത്രമാണ്… നിങ്ങളുടെ വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും എത്ര പേര്‍ ഇരകള്‍ ആകേണ്ടി വരും? ഉയരപ്പാത പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ക്കപ്പുറം, അത് പൂര്‍ത്തിയാകുന്നതുവരെ ജീവന്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ ദുരന്തങ്ങള്‍ തുടരുമ്പോള്‍, ഭരണകൂടങ്ങള്‍ നിസ്സംഗത വെടിഞ്ഞ് അടിയന്തരമായി സുരക്ഷ ഉറപ്പാക്കി നടപടിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.