K C Venugopal M P| ആഴക്കടല്‍ മത്സ്യബന്ധന ചട്ടം പിന്‍വലിക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാല്‍ എം.പി

Jaihind News Bureau
Wednesday, November 12, 2025

ആഴക്കടലില്‍ വന്‍കിട കപ്പലുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന പുതിയ ചട്ടം പുനഃപരിശോധിച്ച് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ വ്യവസ്ഥകള്‍ ചെറുകിട മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഗുരുതരമായ ഭീഷണിയാണെന്നും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

പുതിയ നിയമങ്ങള്‍ ചെറുകിട മത്സ്യത്തൊഴിലാളികളുടെ വരുമാനത്തെയും നിലനില്‍പ്പിനെയും പ്രതികൂലമായി ബാധിക്കും. വന്‍കിട കപ്പലുകള്‍ക്ക് ആഴക്കടലില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്നത് അമിതമായ മത്സ്യബന്ധനത്തിലേക്ക് നയിക്കും. ഇത് കടലിന്റെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാകുന്നതിനും കാരണമാകും.

സാമ്പത്തിക വളര്‍ച്ചയും തീരദേശ സമൂഹങ്ങളുടെ നിലനില്‍പ്പും ഒരുപോലെ സംരക്ഷിക്കാന്‍ കഴിയുന്ന ഒരു നയമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഗണിച്ച്, വിവാദമായ ചട്ടം ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം കത്തില്‍ അഭ്യര്‍ത്ഥിച്ചു.