A.P ANILKUMAR MLA| ‘സിപിഎം  കേഡറായ വാസു നടത്തിയ സ്വര്‍ണ്ണക്കൊള്ളയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല’: എ.പി അനില്‍കുമാര്‍ എംഎല്‍എ

Jaihind News Bureau
Wednesday, November 12, 2025

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ ഏറ്റവും വേണ്ടപ്പെട്ടയാളായ വാസു. ശബരിമല സ്വര്‍ണ്ണക്കൊള്ളയും സിപിഎമ്മും തമ്മിലുള്ള ബന്ധത്തിന്റെ ഉറച്ച കണ്ണിയാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു. അതേ വാസുവാണ് ഇ.കെ. നായനാര്‍ മന്ത്രിസഭ മുതല്‍ ഇപ്പോഴത്തെ പിണറായി സര്‍ക്കാര്‍ വരെയുള്ള എല്ലാ മന്ത്രിസഭകളുടെയും കാലത്ത് സുപ്രധാന തസ്തികകളില്‍ ഇരുത്തപ്പെട്ടയാളായ് സഖാവ് വാസു. ഇദ്ദേഹം ശബരിമലയിലേക്കെത്തുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനപ്രകാരമാണ്. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇപ്പോഴത്തെ മന്ത്രി വി.എന്‍. വാസവനും കൊള്ളയ്ക്ക് കൂട്ടുനിന്നവരാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ കടകംപള്ളി സുരേന്ദ്രന്റെയും വി.എന്‍. വാസവന്റെയും പങ്ക് വെളിച്ചത്തു വരാന്‍ അവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം.

ശബരിമലക്കൊള്ളയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്, വി.എന്‍. വാസവന്‍ ഒരു നിമിഷം വൈകാതെ മന്ത്രി സ്ഥാനം രാജി വയ്ക്കണം. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നതിനാലാണ് വൈകിയെങ്കിലും കുറ്റവാളികളിലേക്കെത്തിയത്. അന്വേഷണം ശരിയായ ദിശയില്‍ നടന്നാല്‍ ഉന്നത സിപിഎം നേതാക്കളിലേക്കെത്തുമെന്ന തിരിച്ചറിവാണ് സി പി എം നേതാക്കള്‍ കോടതിയെ രൂക്ഷമായി വിമര്‍ശിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം. കൊള്ളക്കാരാണെന്ന് വളരെ മുമ്പേ യു.ഡി.എഫ്. പറഞ്ഞതാണെന്നും എപി അനില്‍കുമാര്‍ പറഞ്ഞു.