ധര്‍മേന്ദ്രയുടെ മരണവാര്‍ത്ത വ്യാജം; വാര്‍ത്ത തള്ളി ഇഷയും സണ്ണി ഡിയോളും

Jaihind News Bureau
Tuesday, November 11, 2025

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു എന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ വ്യാജമാണെന്ന് മകള്‍ ഇഷ ഡിയോള്‍ സ്ഥിരീകരിച്ചു. പിതാവിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നുണ്ടെന്നും മാധ്യമങ്ങള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്നും ഇഷ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഇതിനുപിന്നാലെ, ധര്‍മേന്ദ്ര ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണെന്നും ഉടന്‍ സുഖം പ്രാപിക്കുമെന്നും വ്യക്തമാക്കി മകന്‍ സണ്ണി ഡിയോളും രംഗത്തെത്തി. ഈ സ്ഥിരീകരണത്തോടെ, നേരത്തെ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്ത പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പോസ്റ്റ് പിന്‍വലിച്ചു.

ശ്വാസതടസ്സത്തെത്തുടര്‍ന്ന് ഇന്നലെ ധര്‍മേന്ദ്രയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ അറിയിക്കുന്നത്.

പഞ്ചാബിലെ ലുധിയാനയില്‍ 1935 ഡിസംബര്‍ 8-നാണ് ധര്‍മേന്ദ്ര ജനിച്ചത്. 1960-ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ‘ബോളിവുഡിന്റെ ഹീ-മാന്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട ധര്‍മേന്ദ്ര, ആറ് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 300-ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു.
‘ഹഖീഖത്ത്’, ‘ഫൂല്‍ ഔര്‍ പത്തര്‍’, ‘മേരാ ഗാവ് മേരാ ദേശ്’, ‘സീത ഔര്‍ ഗീത’, ‘ചുപ്കെ ചുപ്കെ’, ‘ഷോലെ’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ അദ്ദേഹം ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും വാണിജ്യവിജയം നേടിയ താരങ്ങളില്‍ ഒരാളായി മാറി. 1973-ല്‍ തുടര്‍ച്ചയായി എട്ട് ഹിറ്റുകളും 1987-ല്‍ ഒന്‍പത് വിജയചിത്രങ്ങളും നല്‍കിയതിലൂടെ ഹിന്ദി സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങള്‍ നേടിയതിന്റെ റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.