തദ്ദേശ തിരഞ്ഞെടുപ്പ്: അതിജീവന പോരാളി ഇനി ഏലൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി; മഞ്ഞുമ്മലിലെ സുഭാഷ് ചന്ദ്രന്‍ തിരഞ്ഞെടുപ്പ് ഗോദയില്‍

Jaihind News Bureau
Tuesday, November 11, 2025

2024-ല്‍ വലിയ വിജയം നേടിയ ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയിലെ യഥാര്‍ഥ നായകന്മാരില്‍ ഒരാളായ സുഭാഷ് ചന്ദ്രന്‍ രാഷ്ട്രീയത്തിലേക്ക്. ഏലൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡില്‍ (മാടപ്പാട്ട്) യുഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് സുഭാഷ് മത്സരിക്കുന്നത്.

ചരിത്രപരമായ ആ അതിജീവന യാത്രയുടെ ഭാഗമായിരുന്നു സുഭാഷ്. 2006 സെപ്റ്റംബറില്‍ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ പത്തംഗ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. പ്രസിദ്ധമായ ഗുണ കേവ്സില്‍ വെച്ച് 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണ സുഭാഷ്, 87 അടിയോളം താഴ്ചയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. സുഹൃത്തുക്കളായ വേലശേരി സിജു ഡേവിഡിന്റെയും (കുട്ടന്‍) മറ്റുള്ളവരുടെയും സാഹസികമായ രക്ഷാപ്രവര്‍ത്തനമാണ് സുഭാഷിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ഈ യഥാര്‍ഥ സംഭവമാണ് സംവിധായകന്‍ ചിദംബരം ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന പേരില്‍ സിനിമയാക്കിയത്. മലയാളത്തിലെ അക്കാലംവരെയുള്ള മികച്ച കളക്ഷന്‍ നേടിയാണ് ചിത്രം ജനശ്രദ്ധ നേടിയത്.

സിനിമയില്‍ നടന്‍ ശ്രീനാഥ് ഭാസിയാണ് സുഭാഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്, സിജു ഡേവിഡായി സൗബിന്‍ ഷാഹിറും എത്തി. കൊക്കയില്‍ നിന്ന് അവിശ്വസനീയമായ വിധത്തില്‍ രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ സുഭാഷ്, തന്റെ കന്നി അങ്കത്തില്‍ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡില്‍ യുഡിഎഫിന് അവിശ്വസനീയമായ വിജയം സമ്മാനിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്.