K.C VENUGOPAL MP| ‘സര്‍ക്കാരിന്‍റെ തട്ടിപ്പുകള്‍ പൊതുജനം തിരിച്ചറിയും’; തദ്ദേശ തിരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്നും കെ.സി വേണുഗോപാല്‍ എം.പി

Jaihind News Bureau
Monday, November 10, 2025

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ ഒരുക്കങ്ങളും യുഡിഎഫ് പൂര്‍ത്തിയാക്കിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ജനങ്ങള്‍ യുഡിഎഫിന് ഉജ്ജ്വല വിജയം നല്‍കുമെന്നാണ് ആത്മവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒമ്പതര കൊല്ലമായി സര്‍ക്കാര്‍ നടത്തുന്ന ദുര്‍ഭരണത്തില്‍ മടുത്ത ജനങ്ങള്‍, ആ സര്‍ക്കാരിനെ താഴെയിറക്കാനുള്ള അവസരത്തിന്റെ നന്ദിയായി ഈ തിരഞ്ഞെടുപ്പിനെ കാണും. ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടത്തി വിശ്വാസങ്ങളെ വെല്ലുവിളിച്ച സര്‍ക്കാരാണ് ഭരിക്കുന്നത്. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട എസ്‌ഐടിയെ പോലും കൈവിലങ്ങണിയിച്ച് നിയന്ത്രിക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇപ്പോഴും സര്‍ക്കാര്‍ ഉന്നതരെ സംരക്ഷിക്കുകയാണ്. ബിജെപിയെ സഹായിക്കാനുള്ള രഹസ്യ കച്ചവടം നടത്തുകയാണ് സിപിഎം. അതിന്റെ ഭാഗമായുള്ള ഒത്തു തീര്‍പ്പുകളാണ് കേരളത്തില്‍ നടക്കുന്നത്. ശബരിമലയില്‍ ബിജെപി ഒരക്ഷരം മിണ്ടാത്തത് ഈ ധാരണയുടെ പുറത്താണെന്നും എപ്പോഴും ബിജെപി ആവര്‍ത്തിക്കുന്ന വിശ്വാസപ്രമാണങ്ങള്‍ ശബരിമല വിഷയത്തില്‍ എവിടെയെന്നും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാരിന്റെ തട്ടിപ്പുകള്‍ പൊതുജനം തിരിച്ചറിയുമെന്നും തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.