സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി; കൂടിക്കാഴ്ച നാളെ

Jaihind News Bureau
Sunday, November 9, 2025

 

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ആരോഗ്യ മന്ത്രിയുടെ ചേമ്പറിലാണ് ഡോക്ടര്‍മാരുമായുള്ള കൂടിക്കാഴ്ച. ശമ്പള കുടിശ്ശിക അനുവദിക്കുക എന്നതാണ് ഡോക്ടര്‍മാര്‍ പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യം. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയില്‍ വിഷയമാകും. കെ ജി എം സി ടി എയുടെ (കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍) നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

ചര്‍ച്ചയില്‍ തൃപ്തികരമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം 13-നും ഒ പി. ബഹിഷ്‌കരണത്തിന് ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ ചര്‍ച്ചയ്ക്കായുള്ള ക്ഷണം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ ഒന്ന് മുതലാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.