
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ വീണ്ടും പരസ്യമായി വിമര്‍ശിച്ച ഡോ. ഹാരിസിനോട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് കടുത്ത അതൃപ്തിയില്‍. ഡോക്ടറെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കാനുള്ള സാധ്യതയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആരായുന്നത്.
പൊതുവേദിയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ വിവാദമായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിലവിലെ സൗകര്യങ്ങളെ വിമര്‍ശിച്ച ഡോ. ഹാരിസ്, രോഗികള്‍ തറയില്‍ കിടക്കേണ്ടി വരുന്നത് പ്രാകൃതമാണ് എന്ന് തുറന്നടിച്ചിരുന്നു. മെഡിക്കല്‍ കോളേജുകളില്‍ മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഡോക്ടറെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുള്ള സാധ്യത തേടുകയാണ് അധികൃതര്‍. എന്നാല്‍, ഡോക്ടര്‍ സംസാരിച്ചത് മെഡിക്കല്‍ കോളേജ് കാമ്പസിന് പുറത്തുള്ള പൊതുപരിപാടിയില്‍ ആയതിനാല്‍, ഔദ്യോഗിക വിശദീകരണം തേടുന്നത് നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ അധികൃതര്‍ക്ക് സംശയമുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്നാണ് കൊല്ലം പന്മന സ്വദേശിയായ വേണു മരിച്ചത്. മതിയായ ചികിത്സ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ ആരോപണവും, ആശുപത്രിയിലെ അനാസ്ഥയെക്കുറിച്ച് വേണു മരണത്തിന് തൊട്ടുമുമ്പ് സുഹൃത്തിനയച്ച ശബ്ദസന്ദേശവും വലിയ വിവാദമായിരുന്നു.