
കേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയും കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. വല്ലാര്‍പാടം ബസിലിക്കയില്‍ വൈകിട്ട് 4.30 ന് നടന്ന ചടങ്ങില്‍, മലേഷ്യയിലെ പെനാങ് രൂപത അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വരാപ്പുഴ മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള അഭ്യര്‍ത്ഥന നടത്തി. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പോസ്തലിക് പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി ചടങ്ങില്‍ സന്ദേശം നല്കി. മദര്‍ ഏലീശ്വയുടെ വാഴ്ത്തപ്പെടല്‍ കേരള കത്തോലിക്കാ സഭയ്ക്കും ലത്തീന്‍ സഭയ്ക്കും കൃതജ്ഞതയുടെ അമൂല്യ നിമിഷമാണ്.
മദര്‍ ഏലീശ്വ: ജീവിതരേഖ:
ഏലീശ്വയുടെ ജനനം വൈപ്പിനിലെ ഓച്ചന്തുരുത്ത് വിശുദ്ധ കുരിശിന്റെ പള്ളി ഇടവകയിലെ വൈപ്പിശേരി തറവാട്ടില്‍ 1831 ഒക്ടോബര്‍ 15-നാണ്. തൊമ്മന്‍താണ്ട ദമ്പതികളുടെ എട്ട് മക്കളില്‍ ആദ്യത്തെയാളായിരുന്നു ഏലീശ്വ. ജോസഫ്, വറീത്, ലൂയിസ്, അന്തോണി, തോമസ് എന്നിവരായിരുന്നു സഹോദരങ്ങള്‍. കൂടാതെ, ഒരു സഹോദരി ചെറുപ്പത്തിലേ മരിച്ചുപോയി. മറ്റൊരു സഹോദരിയായ ത്രേസ്യ, പില്ക്കാലത്ത് മദര്‍ ഏലീശ്വായ്ക്കൊപ്പം സന്യാസിനി സഭയില്‍ സ്ഥാപകാംഗമായി ചേര്‍ന്നു. അക്കാലത്തെ സാമൂഹിക രീതിയനുസരിച്ച്, 16-ാം വയസ്സില്‍ വാകയില്‍ വത്തരുവുമായി ഏലീശ്വയുടെ വിവാഹം നടന്നു. ഒരു കുട്ടിയുടെ അമ്മയായി ജീവിക്കവേ, 20-ാം വയസ്സില്‍ വൈധവ്യം ദൈവനിശ്ചയമായി.
സന്യാസ ജീവിതത്തിലേക്കുള്ള വഴി:
ഭര്‍ത്താവിന്റെ മരണശേഷം, ഏലീശ്വ പ്രാര്‍ഥനാ ജീവിതം തിരഞ്ഞെടുക്കുകയും അതിനായി കളപ്പുരയില്‍ ഒരു മുറി ഒരുക്കുകയും ചെയ്തു. 1862 വരെ, പത്ത് വര്‍ഷത്തോളം പ്രാര്‍ഥന, ധ്യാനം, ഉപവാസം എന്നിവയില്‍ അവര്‍ ജീവിതം നയിച്ചു. തുടര്‍ന്ന്, വികാരി ഫാ. ലെയോപോള്‍ഡിനെ സന്ദര്‍ശിച്ച് സന്യാസിനി ആകാനുള്ള തന്റെ ആഗ്രഹം അറിയിച്ചു. ഫാ. ലെയോപോള്‍ഡ് ഈ കാര്യം മറ്റ് മിഷനറിമാരുമായി ആലോചിക്കുകയും തുടര്‍ന്ന് മെത്രാപ്പൊലീത്തയെ അറിയിക്കുകയും ചെയ്തു. കേരളത്തില്‍ ഒരു സന്യാസിനി സഭ സ്ഥാപിക്കേണ്ടതിന്റെ ആവശ്യം അന്നത്തെ മെത്രാപ്പൊലീത്തയായിരുന്ന ബെര്ണദീന് ബച്ചിനെല്ലിയുടെ മനസ്സിലുണ്ടായിരുന്നു. ബെര്ണദീന് ബച്ചിനെല്ലി റോമില്‍ നിന്ന് ഇതിനായുള്ള അനുമതി നേടിയെടുത്തു. അനുമതി ലഭിച്ചതോടെ, ഏലീശ്വയുടെയും മകള്‍ അന്നയുടെയും പേരിലുള്ള സ്ഥലത്ത് മഠം നിര്‍മിക്കാന്‍ ഫാ. ലിയോപോള്‍ഡ് തീരുമാനിച്ചു.