K.C VENUGOPAL MP| വന്ദേഭാരതില്‍ വിദ്യാര്‍ത്ഥികളെ ആര്‍എസ്എസ് ഗണഗീതം പാടിച്ച സംഭവം: പൊതുസംവിധാനത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമാണെന്ന് കെ സി വേണുഗോപാല്‍ എംപി

Jaihind News Bureau
Saturday, November 8, 2025

രാജ്യത്തെ പൊതുസംവിധാനത്തെ കാവിവത്കരിച്ച്, ആര്‍എസ്എസിന്റെ നുകത്തില്‍ കെട്ടാനുള്ള നീചമായ ശ്രമത്തിന്റെ ഭാഗമാണ് എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളേക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിക്കുകയും അത് ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുകയും ചെയ്ത നടപടിയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി.

മോദി ഭരണകൂടം സര്‍ക്കാര്‍ സംവിധാനങ്ങളെ സംഘിവത്കരിക്കുകയാണ്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുട്ടികളുടെ തലച്ചോറിലും മനസ്സിലും വര്‍ഗീയവിഷം കുത്തിവെയ്ക്കുന്ന ആര്‍എസ്എസിന്റെ ദംഷ്ട്രകള്‍ നിറഞ്ഞ മുഖം ഇന്ന് ഭരണകൂടത്തിന്റേത് കൂടിയായിക്കഴിഞ്ഞു. ഇത് ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ദേശീയ സങ്കല്‍പ്പങ്ങളെ അപമാനിക്കുന്നതാണിത്. ദേശീയഗാനം മുഴങ്ങിക്കേള്‍ക്കേണ്ട വേദികളില്‍ ഗണഗീതം പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പൊതുബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണ്. കുട്ടികളെ വര്‍ഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്തുതോല്‍പ്പിക്കണ്ടേതാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.