Devaswam President | തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ. ജയകുമാര്‍ ഐഎഎസ്  ?  രാഷ്ട്രീയക്കാരെ വിശ്വാസമില്ല 

Jaihind News Bureau
Friday, November 7, 2025

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ. ജയകുമാര്‍ ഐഎഎസ് എത്തുമെന്ന സൂചനകള്‍ സജീവമാകുന്നു. മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ പേര് പരിഗണിക്കുന്നത്. നാളെ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. ‘സ്വര്‍ണക്കൊള്ള ‘ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലായിരിക്കെയാണ് കെ. ജയകുമാറിനെപ്പോലെ ഒരാളെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് . കൂടാതെ രാഷ്ട്രീയ നിയമനം നടത്തിയാല്‍ അത് കൂടുതല്‍ കുഴപ്പമാകുമെന്ന വിലയിരുത്തലും സര്‍ക്കാരിന് ഉണ്ടാവാം.

ശബരിമലയിലെ സ്വർണക്കൊള്ളയിൽ സർക്കാർ അടിതെറ്റി നിൽക്കുന്നതിനിടയിലാണ് മാനം രക്ഷിക്കുവാൻ പൊതുസമ്മതനായ ജയകുമാറിനെ പരിഗണിക്കുന്നത്.ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് പല പേരുകൾ ചർച്ചചെയ്തെങ്കിലും തീരുമാനത്തിൽ എത്തിയിരുന്നില്ല. ഇതിനിടയിലാണ് ജയകുമാറിന്റെ പേരിനു മുൻതൂക്കം ലഭിച്ചിരിക്കുന്നത്. നാളെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

മുൻ ചീഫ് സെക്രട്ടറിയായ ജയകുമാർ  ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ സ്പെഷ്യൽ കമ്മീഷണർ പദവി വഹിച്ചിട്ടുണ്ട്. കൂടാതെ, ശബരിമല മാസ്റ്റർ പ്ലാൻ കമ്മിറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സ്വർണ്ണപ്പാളി വിവാദവും കെ. ജയകുമാറിന്റെ നിലപാടുകളും

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം, ക്ഷേത്ര ഭരണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്ന് വ്യക്തമാക്കുന്ന ഒന്നാണ്. ഈ വിഷയത്തിൽ കെ. ജയകുമാറിന്റെ പ്രതികരണങ്ങൾ അതീവ നിർണ്ണായകമാണ്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് ഡയലോഗിൽ’ അദ്ദേഹം നടത്തിയ പ്രസ്താവനകൾ, സംഭവത്തിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, ഇത് ഭരണപരമായ പരാജയമാണെന്നും അടിവരയിടുന്നു.

ശബരിമല മുൻ സ്പെഷ്യൽ കമ്മീഷൻ, ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര കമ്മിറ്റി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കെ. ജയകുമാറിന് ശബരിമലയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട സ്വർണ്ണ ഉരുപ്പടികൾ ഉൾപ്പെടെയുള്ള സുപ്രധാന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച, സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ശബരിമലയ്ക്ക് പുറത്ത് കൊണ്ടുപോയതിലെ അസ്വാഭാവികത എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ ചോദ്യങ്ങൾ, വിവാദത്തിന്റെ വേരുകളിലേക്ക് വിരൽ ചൂണ്ടുന്നവയാണ്. “സ്വർണ്ണപ്പാളികൾ നീക്കാൻ ആര് നിർദേശം നൽകി?” എന്ന അദ്ദേഹത്തിന്റെ മറുചോദ്യം, ഈ വിഷയത്തിൽ ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഉള്ള സൂചന നൽകുന്നു.