Vedan | ‘വേടനു പോലും അവാര്‍ഡ് കൊടുത്തു’ മന്ത്രി സജി ചെറിയാന്‍ അപമാനിച്ചതായി ഗായകന്‍ വേടന്‍; പാട്ടിലൂടെ മറുപടി നല്‍കും

Jaihind News Bureau
Wednesday, November 5, 2025

ദുബായ് : വേടന് പോലും ചലച്ചിത്ര അവാര്‍ഡ് നല്‍കി എന്ന, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യമാണെന്ന് , ഗായകന്‍ വേടന്‍ ദുബായില്‍ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പാട്ടിലൂടെ മറുപടി നല്‍കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ പ്രതികരണത്തിനില്ല.

അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല. പാട്ട് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയപ്പോഴും വിമര്‍ശനമുണ്ടായിരുന്നു. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും താന്‍ അംഗമല്ലെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പേരില്‍ കേസ് ഉണ്ടായിട്ടും അവാര്‍ഡ് തന്നത് എന്തിനാണെന്ന് ജൂറിയോട് ചോദിക്കണമെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനമാണ് ഇതിനോടകം വിവാദമായിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിനു വേണ്ടി വേടന്‍ എഴുതിയ ഗാനത്തിനാണ മികച്ച രചനയ്ക്കുള്ള പുരസ്‌ക്കാരം ലഭിച്ചത്. വേടന്‍ തന്നെയാണ് ഇതിന്റെ ആലാപനവും നിര്‍വ്വഹിച്ചത് . പരാതികളില്ലാതെ അഞ്ച് വര്‍ഷം സിനിമ അവാര്‍ഡ് പ്രഖ്യാപനം നടത്തിയെന്നും വേടനെ പോലും സ്വീകരിച്ചെന്നുമായിരുന്നു മന്ത്രി സജി ചെറിയാ്‌നറെ പരാമര്‍ശം. ‘മോഹന്‍ലാലിനെ സ്വീകരിച്ചു, മമ്മൂട്ടിയെ സ്വീകരിച്ചു, വേടനെ പോലും സ്വീകരിച്ചു. പരാതികളില്ലാതെ അഞ്ച് വര്‍ഷം സിനിമ അവാര്‍ഡ് പ്രഖ്യാപനം നടത്തി.’ എന്നായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.