
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാകിസ്ഥാന് മത്സരങ്ങളുമായി ബന്ധപ്പെട്ട അച്ചടക്ക ലംഘനങ്ങളില്‍ ഐ.സി.സി നടപടി. പാകിസ്ഥാന് പേസര്‍ ഹാരിസ് റൗഫിനെ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കിയപ്പോള്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് മാച്ച് ഫീസിന്റെ 30% പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റും ലഭിച്ചു.
തുടര്‍ച്ചയായ അച്ചടക്ക ലംഘനങ്ങളെ തുടര്‍ന്നാണ് പാകിസ്ഥാന് പേസര്‍ ഹാരിസ് റൗഫിനെതിരെ ഐ.സി.സി. കടുത്ത നടപടി സ്വീകരിച്ചത്. റൗഫിനെ രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്ന് വിലക്കി. കൂടാതെ, നാല് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിക്കുകയും രണ്ട് തവണയായി മാച്ച് ഫീസിന്റെ 30% പിഴ ചുമത്തുകയും ചെയ്തു. ഇന്ത്യ-പാക് മത്സരങ്ങള്‍ക്കിടെ വിമാനത്തിന്റെ പതനം സൂചിപ്പിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങള്‍ കാണിച്ചതിനാണ് റൗഫിനെതിരെയുള്ള പ്രധാന നടപടി. ഇത് ഐ.സി.സി. കോഡ് ഓഫ് കണ്ടക്ടിലെ ആര്‍ട്ടിക്കിള്‍ 2.21 (കളിയുടെ അന്തസ്സിന് കോട്ടം വരുത്തുന്ന പെരുമാറ്റം) ലംഘിച്ചതായി കണ്ടെത്തി.
ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ഐ.സി.സി. കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതിന് ശിക്ഷ ലഭിച്ചു. മാച്ച് ഫീസിന്റെ 30 ശതമാനം പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റുമാണ് ലഭിച്ചത്. പാകിസ്ഥാനെതിരായ വിജയത്തിന് ശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍, പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചതും വിജയത്തെ ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിച്ചതുമായ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് നടപടി. ഇത് ഐ.സി.സി. ചട്ടങ്ങള്‍ പ്രകാരം കളിയുടെ അന്തസ്സിന് കോട്ടം വരുത്തുന്ന പെരുമാറ്റമായി വിലയിരുത്തി. അതേസമയം ഫൈനല്‍ മത്സരത്തില്‍ റൗഫിന്റെ വിക്കറ്റ് നേടിയ ശേഷം സമാനമായ ആംഗ്യം കാണിച്ചതിന് ജസ്പ്രീത് ബുംറ ഔദ്യോഗിക മുന്നറിയിപ്പും ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു.