
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിനെ പ്രത്യേക അന്വേഷണ സംഘം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കേസിലെ മൂന്നാം പ്രതിയാണ് വാസു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി. മുന്‍ ദേവസ്വം കമ്മീ
ഷണറുടെ പങ്കാളിത്തം വ്യക്തമാക്കിയത്.
2019 മാര്‍ച്ച് 19-നാണ് തിരിമറി നടന്നത്. അന്നത്തെ ദേവസ്വം കമ്മീഷണറായ എന്‍. വാസുവിന്റെ ശുപാര്‍ശ പ്രകാരം, കട്ടിളപ്പാളികളിലെ യഥാര്‍ത്ഥ സ്വര്‍ണം ദേവസ്വം രേഖകളില്‍ ചെമ്പായി രേഖപ്പെടുത്തി. സ്വര്‍ണ്ണത്തിന്റെ അളവ് കുറച്ചു കാണിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് എസ്.ഐ.ടി.യുടെ കണ്ടെത്തല്‍. സ്വര്‍ണം മോഷ്ടിക്കപ്പെട്ട ശേഷം, ബാക്കി വന്ന സ്വര്‍ണ്ണം ഒരു നിര്‍ദ്ധന പെണ്‍കുട്ടിയുടെ വിവാഹത്തിന് ഉപയോഗിക്കാനായി അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി കത്തെഴുതിയ സമയത്തും എന്‍. വാസുവായിരുന്നു പ്രസിഡന്റ്. ഈ കത്ത്, തുടര്‍നടപടിക്കായി അദ്ദേഹം അന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറിന് കൈമാറി. സുധീഷ് കുമാര്‍ പിന്നീട് എന്‍. വാസുവിന്റെ പി.എ. ആയി മാറിയതും കേസില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കത്തിന്റെ തുടര്‍നടപടികളെക്കുറിച്ച് അറിയില്ലെന്നാണ് എന്‍. വാസു മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ സുധീഷ് കുമാര്‍ നല്‍കിയ മൊഴി കേസിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുമെന്നാണ് സൂചന. എന്‍. വാസുവിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വര്‍ണ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോറ്റി ഇപ്പോള്‍ രണ്ടാമത്തെ കേസില്‍ അറസ്റ്റിലായി കസ്റ്റഡിയിലാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. നഷ്ടപ്പെട്ടതിന് സമാനമായ അളവിലുള്ള സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. വേര്‍തിരിച്ചെടുത്ത സ്വര്‍ണം പോറ്റി വില്‍ക്കുകയും ചെയ്തു.