
കേരളത്തിനെ കീഴടക്കാന്‍ ശ്രമിക്കുന്ന ലഹരി മാഫിയക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തല നയിക്കുന്ന ജില്ലാതല വാക്കത്തോണുകളുടെ സമാപനം കൊച്ചിയില്‍ നടന്നു. കേരളം ലഹരി മരുന്നിന്റെ തലസ്ഥാനമായി മാറിയെന്ന് പരിപാടി ഉത്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
കേരളത്തിലെ 13 ജില്ലകളിലും സംഘടിപ്പിച്ച ലഹരിക്കെതിരെ സമൂഹ നടത്തത്തിന്റെ അവസാന ജില്ലാതല പരിപാടി ആണ് കൊച്ചിയില്‍ നടന്നത്. ഇതോടെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രൗഡ് കേരള സംഘടിപ്പിക്കുന്ന ലഹരി മരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെ ആദ്യഘട്ടത്തിന് സമാപനമായി. കൊച്ചി മറൈന്‍ഡ്രൈവ് മുതല്‍ ദര്‍ബാര്‍ ഗ്രൗണ്ട് വരെ നീളുന്ന യാത്രയില്‍ കൊച്ചിയിലെ രാഷ്ട്രീയസാംസ്‌കാരിക പ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കെടുത്തു. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ രമേശ് ചെന്നിത്തല ജാഥാംഗങ്ങള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേരളം മയക്കു മരുന്നിന്റെ തലസ്ഥാനമായി മാറി കഴിഞ്ഞിരിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മയക്കു മരന്ന് കേരളത്തിലേക്ക് എവിടെ നിന്ന് വരുന്നുവെന്ന് കണ്ടെത്തി അത് അവസാനിപ്പിക്കാനുളള ശ്രമം വേണം. പൊലീസിന്റെയും എക്‌സൈസിന്റെയും ജോലി ബോധവത്കരണമല്ല, അവര്‍ ചെയ്യേണ്ടത് എന്‍ഫോഴ്‌സ്‌മെന്റാണ് എന്നാല്‍ അവര്‍ അത് ചെയ്യുന്നില്ല എന്നതാണ് സങ്കടകരമായ കാര്യമെന്നും അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് മയക്കു മരുന്നിന്റെയും ലഹരിയുടെയും നാടായി മറിയിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പ്രൗഡ് കേരള യാത്രയുടെ അടുത്ത ഘട്ടം കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കോളജുകളിലേക്കെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി
ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതിന് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട രാഷ്ട്രീയ രഹിത മുന്നേറ്റമാണ് പ്രൗഡ് കേരള. ലഹരിക്കെതിരെ സമൂഹ നടത്തം എന്ന പരിപാടി ആരംഭിച്ചത് കോഴിക്കോട് ആണ്. തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കാസര്‍ഗോഡ്, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, വയനാട്, പാലക്കാട്, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകള്‍ പിന്നിട്ട ശേഷമാണ് ഇന്ന് കൊച്ചിയില്‍ സമാപിക്കുന്നത്.