KSU| അനന്തു സജിയുടെ ആത്മഹത്യ; അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി പോലീസ് മേധാവിക്ക് പരാതി നല്‍കി കെ.എസ്.യു

Jaihind News Bureau
Wednesday, October 15, 2025

 

ആര്‍എസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെ അനന്തു അജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.

അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണിതെന്നും,ആര്‍എസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട ശേഷം അനന്തു അജി എന്ന യുവാവ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാത്തത് ആശങ്കാജനകമാണെന്നും പരാതിയില്‍ പറയുന്നു.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.ചൂഷണം ചെയ്ത ആളിന്റെ വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാത്തത് അന്വേഷണത്തിന്റെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കേസില്‍ പ്രതി ചേര്‍ക്കണമെന്നും, അല്ലാത്തപക്ഷം ഉന്നത അന്വേഷണ ഏജന്‍സികള്‍ക്ക് കേസ് കൈമാറാന്‍ ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥന പ്രസിഡന്റ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

ആര്‍.എസ്.എസ്- സി.പി.എം. ഡീലിന്റെ ഭാഗമായാണ് കുറ്റക്കാര്‍ക്ക് ആഭ്യന്തര വകുപ്പ് നിയമവിരുദ്ധ സംരക്ഷണം ഒരുക്കുന്നത്.ആര്‍.എസ്.എസ് നേതാക്കളെ പ്രതിചേര്‍ത്ത് സുതാര്യമായ അന്വേഷണം അനിവാര്യമാണ്. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.