ദില്ലി: എ കെ ജി സെന്ററിനായി വാങ്ങിയ ഭൂമി പൂര്‍ണ്ണമായും നിയമപരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 2021-ല്‍ 32 സെന്റ് ഭൂമി വാങ്ങിയതും അതില്‍ 30 കോടി രൂപ ചെലവഴിച്ച് 9 നില കെട്ടിടം നിര്‍മ്മിച്ചതും നിയമപ്രകാരമുള്ള നടപടികളിലൂടെയാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഭൂമി വാങ്ങുന്ന സമയത്ത് തര്‍ക്കങ്ങളോ കേസുകളോ ഉണ്ടായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പുതിയ എ കെ ജി സെന്ററിന്റെ ഭൂമിയുമായി ബന്ധപ്പെട്ട് വി.എസ്.എസ് സി ശാസ്ത്രജ്ഞ ഇന്ദു ഗോപന്‍ നല്‍കിയ ഹര്‍ജിയാണ് കേസിനാധാരം. ഭൂമിയുടെ യഥാര്‍ത്ഥ ഉടമ താനാണെന്ന് വാദിച്ച് ഇന്ദു ഗോപന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് സുപ്രീം കോടതി സിപിഎമ്മിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, ഹര്‍ജിക്കാരിക്ക് ഭൂമിയില്‍ അവകാശമില്ലെന്നും പാര്‍ട്ടി നിയമപരമായാണ് ഭൂമി വാങ്ങിയതെന്നും സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു.
എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 34 സെന്റ് ഭൂമി 1998-ല്‍ താനും 2000-ല്‍ തന്റെ മുത്തച്ഛന്‍ ജനാര്‍ദ്ദനന്‍ പിള്ളയും ചേര്‍ന്ന് രണ്ട് രേഖകളിലൂടെ വാങ്ങിയതാണെന്നാണ് ഇന്ദു ഗോപന്റെ വാദം. ഈ വസ്തുത മറച്ചുവെച്ച് കോട്ടയത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനം സിപിഎമ്മിന് ഭൂമി വിറ്റുവെന്നാണ് പരാതി. സിപിഎം ഭൂമി വാങ്ങിയ സമയത്ത് തര്‍ക്കങ്ങള്‍ നിലവിലുണ്ടായിരുന്നതായി ചൂണ്ടിക്കാണിച്ച് ഇന്ദു ഗോപന്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്‍കിയ കത്തും പുറത്തുവന്നിരുന്നു.
1971-ല്‍ തിരുവനന്തപുരത്തെ ഒരു വ്യവസായി കോട്ടയത്തെ എഫ്‌ഐസി എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്തപ്പോള്‍ എകെജി സെന്റര്‍ നില്‍ക്കുന്ന സ്‌പെന്‍സര്‍ ജംഗ്ഷനിലെ ഈ ഭൂമി ഈടായി നല്‍കിയിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് കമ്പനി ഭൂമി ജപ്തി ചെയ്തു. പിന്നീട് തിരുവനന്തപുരം സബ് കോടതി വഴി ഭൂമി ലേലം ചെയ്തു. 1998 ഓഗസ്റ്റിലായിരുന്നു ലേലം. ഭൂമി ലേലത്തില്‍ എടുക്കാന്‍ ആരും തയ്യാറാകാതിരുന്നതിനാല്‍ ധനകാര്യ സ്ഥാപനം തന്നെ ലേലത്തില്‍ പങ്കെടുത്തു. 2000-ല്‍ കോടതി കമ്പനിക്ക് സെയില്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. 2021-ലാണ് സിപിഎം ഈ ഭൂമി വാങ്ങിയത്. 2023-ല്‍ ഈ ഇടപാട് അസ്ഥിരപ്പെടുത്താന്‍ ഇന്ദു ഗോപന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അത് തള്ളിയിരുന്നതായും സിപിഎം വിശദീകരിക്കുന്നു.