V D Satheesan| മകന് എതിരായ ഇ.ഡി നോട്ടീസില്‍ വൈകാരികമായി സംസാരിച്ച മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല; എം.എ ബേബി വരെ പ്രതികരിച്ച വിഷയത്തില്‍ പ്രതിപക്ഷം മിണ്ടരുതെന്നാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്?: ചോദ്യങ്ങളുമായി വി ഡി സതീശന്‍

Jaihind News Bureau
Tuesday, October 14, 2025

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകാരികമായാണ് പ്രതികരിച്ചതെന്നും പ്രധാന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. നോട്ടീസ് വിവാദത്തില്‍ പ്രതിപക്ഷം പ്രതികരിച്ചതിനെതിരെ മുഖ്യമന്ത്രി പരിഹാസവും ഭീഷണിയും ഒഴിവാക്കണമെന്നും, അത് സി.പി.എം. നേതാവായ എം.എ. ബേബിയോട് മതിയെന്നും പ്രതിപക്ഷ നേതാവ് കാഞ്ഞങ്ങാട് മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസ് വിലാസത്തില്‍ ഇ.ഡി. നോട്ടീസ് അയച്ചു എന്ന കാര്യം ഇ.ഡി. സ്ഥിരീകരിച്ചിട്ടും, അത് എന്തിനുവേണ്ടിയായിരുന്നു എന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് കിട്ടിയാല്‍ പ്രതിപക്ഷം മിണ്ടാതിരിക്കണമെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്? എം.എ. ബേബി വരെ പ്രതികരിച്ച വിഷയമാണിത്. ലൈഫ് മിഷനിലാണോ ലാവലിന്‍ കേസിലാണോ നോട്ടീസ് നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. 2023-ല്‍ നല്‍കിയ നോട്ടീസില്‍ തുടര്‍നടപടികള്‍ ഇ.ഡി. അവസാനിപ്പിച്ചത് ഏത് സമ്മര്‍ദ്ദത്തിന്റെയോ അന്തര്‍ധാരയുടെയോ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ‘മുകളില്‍ നിന്നും നിര്‍ദ്ദേശം വന്നു’ എന്നാണ് അനൗദ്യോഗികമായി അറിയാന്‍ കഴിഞ്ഞത്. ഈ ദുരൂഹത നീക്കേണ്ടത് ഇ.ഡിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ ആയുധമാക്കുന്ന ഇ.ഡി. കേരളത്തിലെ കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയും ബി.ജെ.പി ദേശീയ നേതൃത്വവുമായുള്ള അവിശുദ്ധമായ ബാന്ധവത്തിന്റെ ഭാഗമാണ്. ലാവലിന്‍ കേസ് സുപ്രീം കോടതിയില്‍ 35 തവണ മാറ്റിവച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഈ ആരോപണത്തെ അടിവരയിടുന്നു. വാര്‍ത്ത വരുമ്പോള്‍ പ്രതിപക്ഷ നേതാവ് പ്രതികരിക്കും. അതിന് മുഖ്യമന്ത്രി തന്നെ പരിഹസിക്കുകയോ ഭീഷണിപ്പെടുത്തുകയോ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച പുതിയ ടീം യോഗ്യരാണെന്നും പുതിയ ടീം യൂത്ത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ മതം മാറ്റ നിയമം: കര്‍ണാടകയില്‍ മതപ്രചാരണത്തിന് അനുമതിയില്ലെന്ന പരാതിയില്‍ ബി.ജെ.പിയില്‍ നിന്നാണ് സമ്മര്‍ദ്ദമുണ്ടാകുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം ബി.ജെ.പി ഭരണത്തില്‍ ഉണ്ടായിരുന്ന ‘ആന്റി കണ്‍വേര്‍ഷന്‍ ആക്ട്’ പിന്‍വലിച്ചു. എന്നിട്ടും ബി.ജെ.പി നേതൃത്വത്തില്‍ വലിയ സമ്മര്‍ദ്ദമുണ്ട്. കോണ്‍ഗ്രസ് ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.