Kannur fire| തളിപ്പറമ്പ് തീപിടിത്തം: 10 കോടി രൂപയുടെ നാശനഷ്ടം, 50 കടകള്‍ കത്തിനശിച്ചു

Jaihind News Bureau
Friday, October 10, 2025

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വന്‍ തീപിടിത്തത്തില്‍ ഏകദേശം 10 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം. നഗരത്തെ നാല് മണിക്കൂറോളം മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ദേശീയപാതയോരത്തെ കെ.വി. കോംപ്ലക്‌സിലെ അന്‍പതോളം സ്ഥാപനങ്ങളാണ് കത്തിനശിച്ചത്. തളിപ്പറമ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

ദേശീയപാതയ്ക്കും ബസ് സ്റ്റാന്‍ഡിനും അഭിമുഖമായുള്ള കെ.വി. കോംപ്ലക്‌സിലെ നാല് നില കെട്ടിടത്തിലാണ് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ തീപിടിത്തമുണ്ടായത്. ചെരിപ്പുകടയുടെ ഒന്നാം നിലയിലെ എ.സി. യൂണിറ്റില്‍ നിന്നാണ് ആദ്യം തീ കണ്ടതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീ അതിവേഗം ആളിപ്പടരുകയായിരുന്നു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉണ്ടായിരുന്നത് തീ പടരുന്നതിന്റെ വേഗത വര്‍ദ്ധിപ്പിച്ചു. 50-ഓളം മുറികളിലായി പ്രവര്‍ത്തിച്ചിരുന്ന ഷാലിമാര്‍ സ്റ്റോര്‍ (ക്രോക്കറി), ഫണ്‍ സിറ്റി (കളിപ്പാട്ടങ്ങള്‍), രാജധാനി സൂപ്പര്‍മാര്‍ക്കറ്റ്, ടോയ് സോണ്‍, ബോയ് സോണ്‍ കൂള്‍ബാര്‍, സര്‍ഗചിത്ര സ്റ്റുഡിയോ, റോക്ക് റെഡിമെയ്ഡ്, മറ്റൊരു സ്റ്റേഷനറി കട തുടങ്ങിയ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

അപകട സമയത്ത് വ്യാപാരികളും ജീവനക്കാരും ജനങ്ങളും ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. തീ പടരുന്നതിനിടെ മിക്ക കടകളിലെയും എ.സി.കള്‍ വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പരത്തി. കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ജ്വല്ലറികളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞതിനാല്‍ വന്‍ നഷ്ടം ഒഴിവാക്കാന്‍ സാധിച്ചു. അഗ്‌നിരക്ഷാ സേന, പോലീസ്, സന്നദ്ധ-രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് രാത്രി ഒമ്പത് മണിയോടെ തീ നിയന്ത്രണവിധേയമാക്കിയത്. തളിപ്പറമ്പ് യൂണിറ്റില്‍ തീപിടിച്ച വിവരം അറിയിച്ചിട്ടും ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകിയെന്ന ആക്ഷേപം ശക്തമാണ്.

ലോണെടുത്തും കടമെടുത്തുമാണ് പല വ്യാപാരികളും സ്ഥാപനങ്ങള്‍ നടത്തിയിരുന്നത്. തീപിടിത്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.