ശബരിമല സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മറ്റി കളക്ടറേറ്റിലേക്ക് ബ്ലാക്ക് മാര്‍ച്ച് നടത്തി. മുഴുവന്‍ പ്രവര്‍ത്തകരും കറുപ്പ് വസ്ത്രം ധരിച്ച് കണ്ണൂര്‍ ഡി സി സി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കളക്ടറേറ്റ് കവാടത്തില്‍ തേങ്ങയുടച്ച് കെ പി സി സി മെമ്പര്‍ ടി ഒ മോഹനന് ഉദ്ഘാടനം ചെയ്യ്തു. ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന് മാര്‍ച്ചിന് നേതൃത്വം നല്കി. മാര്‍ച്ച് കലക്ട്രേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടന്ന പ്രവര്‍ത്തകര്‍ കലക്ട്രേറ്റ് പരിസരത്ത് പ്രവേശിച്ചു.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം ഇപ്പോള്‍ സി.പി.എമ്മിനും ഇടതുമുന്നണിക്കും എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായി മാറിയിരിക്കുകയാണ്. അടുത്തിടെ നടന്ന ആഗോള അയ്യപ്പസംഗമത്തിലൂടെ അകന്നുപോയ ഭൂരിപക്ഷ വോട്ടുകള്‍ തിരികെപ്പിടിച്ചുവെന്ന് ആശ്വസിച്ചിരുന്ന വേളയിലാണ് ഈ കനലെരിയുന്ന വിവാദം. നേട്ടങ്ങളുണ്ടാക്കിയെന്ന അവകാശവാദത്തിനിടയില്‍ സ്വര്‍ണപ്പാളി വിവാദം ശോഭ കെടുത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.