തലശ്ശേരി: കണ്ണൂര്‍ ന്യൂമാഹിയില്‍ ബി.ജെ.പി-ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി (മൂന്ന്) ഇന്ന് വിധി പറയും. ജഡ്ജി റൂബി കെ. ജോസാണ് വിധി പ്രഖ്യാപിക്കുന്നത്.
ഈസ്റ്റ് പള്ളൂര്‍ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവരാണ് 2010 മേയ് 28-ന് രാവിലെ 11 മണിയോടെ ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍വെച്ച് കൊല്ലപ്പെട്ടത്. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുള്‍പ്പെടെ 16 സി.പി.എം. പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. രണ്ട് പ്രതികള്‍ സംഭവശേഷം മരിച്ചു. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൊല്ലപ്പെട്ട വിജിത്തിന്റെ അമ്മ രാജമ്മ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്.