KANNUR CPM | പോലീസിനു നേരെ കയ്യേറ്റം: CPM ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 20 ഓളം പേര്‍ക്കെതിരെ കേസ്

Jaihind News Bureau
Monday, October 6, 2025

കണ്ണൂരില്‍ പോലീസിനെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ സിപിഎം ചൊക്ലി ലോക്കല്‍ സെക്രട്ടറി ടി. ജയേഷ് ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങള്‍ നീക്കം ചെയ്യാന്‍ ഇന്നലെ രാത്രി എത്തിയ പോലീസ് സംഘത്തെ ലോക്കല്‍ സെക്രട്ടറിയും കൂട്ടരും ചേര്‍ന്ന് തടഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.

പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ‘കത്തികൊണ്ട് വരയ്ക്കുമെന്നും ചൊക്ലി സ്റ്റേഷനില്‍ നിങ്ങളെ ആരെയും നിര്‍ത്തുകയില്ലെന്നും’ പ്രതികള്‍ ഭീഷണി മുഴക്കി. ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, പോലീസ് മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

പൊലീസ് ആര്‍ എസ് എസിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി സിപിഎം കണ്ണൂര്‍ ചൊക്ലി മേനപ്രം ലോക്കല്‍ സെക്രട്ടറി ടി.ജയേഷ് രംഗത്ത് വന്നിരുന്നു. ചൊക്ലി മേനപ്രത്ത് കൊടി മാറ്റാന്‍ എന്ന പേരില്‍ പൊലീസ് നടത്തിയത് സിപിഎമ്മിനെതിരായ പ്രവര്‍ത്തനമെന്നും ചൊക്ലിയില്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മേനപ്രത്ത് ചൊക്ലി സിഐയുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത് സി പി എമ്മിന്റെ കൊടിതോരണങ്ങള്‍ മാത്രമെന്നും ആരോപിച്ചു.