P K Kunhalikutty| ‘ജനകീയമല്ലാത്ത സര്‍ക്കാര്‍’; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Sunday, October 5, 2025

മലപ്പുറം: സംസ്ഥാനം ഭരിക്കുന്നത് തീര്‍ത്തും ജനകീയമല്ലാത്ത സര്‍ക്കാരാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ‘നമ്മള്‍ ഒന്ന് സടകുടഞ്ഞെഴുന്നേറ്റാല്‍ ഈ സര്‍ക്കാര്‍ താഴെക്കിടക്കും’ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയം വരും ദിവസങ്ങളില്‍ യുഡിഎഫ് ശക്തമായി ഉയര്‍ത്തുമെന്നും പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. യുഡിഎഫ് ഭരണകാലത്ത് ശബരിമലയെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചിട്ടില്ല. ശബരിമലയുടെ പവിത്രത കാത്തുസൂക്ഷിച്ചാണ് യുഡിഎഫ് മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണപ്പാളി അടിച്ചു മാറ്റിയെന്നത് ചിന്തിക്കാന്‍ പോലും പറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം, ഈ സര്‍ക്കാരിന്റെ കാലത്താണ് സംഭവം നടന്നതെന്നതില്‍ സംശയമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ജനങ്ങളെല്ലാം ഇത് കാണുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന ‘സംഗമം’ പോലുള്ള പരിപാടികള്‍ കൊണ്ട് സര്‍ക്കാരിന് ഈ വിഷയങ്ങളില്‍ നിന്ന് കരകയറാന്‍ കഴിയില്ല. ഇതിനെതിരെ ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതികരണമുണ്ടാകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.