കണ്ണൂര്‍: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ അതേ ഏകാധിപത്യ നയമാണ് സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാരും നടപ്പിലാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. സുപ്രധാന ബില്ലുകള്‍ യാതൊരു ചര്‍ച്ചയും കൂടാതെ പാസാക്കി കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ച അതേ രീതിയാണ് സംസ്ഥാന നിയമസഭയില്‍ ബില്ലുകള്‍ പാസാക്കുന്ന കാര്യത്തില്‍ പിണറായി സര്‍ക്കാരും പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂര്‍ ഡിസിസി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍ പട്ടികയിലെ അപാകതകള്‍ കണ്ടെത്താനും, ഇരട്ട വോട്ടുകള്‍ തള്ളാനും അടക്കമുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അദ്ദേഹം നേതൃയോഗത്തോട് നിര്‍ദ്ദേശിച്ചു.
വോട്ടുചോര്‍ച്ചാ വിഷയം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോഴിക്കോട്ടെ മഹാറാലി വന്‍ വിജയമാക്കാനും സണ്ണി ജോസഫ് ആഹ്വാനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ്, വി.എ. നാരായണന്‍, അഡ്വ. കെ. ജയന്ത്, ചന്ദ്രന്‍ തില്ലങ്കേരി, നിജേഷ് അരവിന്ദ് തുടങ്ങിയ നേതാക്കളും സംസാരിച്ചു.