കൂത്തുപറമ്പ്: കൂത്തുപറമ്പ് എം.എല്‍.എ. കെ.പി. മോഹനനെതിരെ നടന്ന കയ്യേറ്റത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. മലിനജല പ്രശ്നത്തില്‍ പ്രതിഷേധിച്ച ജനകീയ സമിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എം.എല്‍.എയെ തടയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് നടപടി. സംഭവം നടന്ന ഉടന്‍ തന്നെ, താന്‍ ആര്‍ക്കെതിരെയും പരാതി നല്‍കില്ലെന്ന് കെ.പി. മോഹനന് എം.എല്‍.എ. പ്രതികരിച്ചിരുന്നു. എന്നാല്‍, പൊലീസ് സ്വമേധയാ കേസെടുക്കുകയാണെങ്കില്‍ നിയമപരമായ നടപടികളുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
കരിയാട് അംഗന്‍വാടി ഉദ്ഘാടനത്തിനായാണ് കെ പി മോഹനന് എംഎല്‍എ എത്തിയത്. ഡയാലിസിസ് സെന്ററിലെ മാലിനജലം പുറത്തേക്ക് ഒഴുക്കുന്നുവെന്ന പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നാട്ടുകാര്‍ പ്രതിഷേധം നടത്തി വരികയായിരുന്നു. മലിനജലപ്രശ്നത്തില്‍ പരിഹാരം കാണണമെന്നവശ്യപ്പെട്ട് എം എല്‍ എ യെ ഉള്‍പ്പടെ നാട്ടുകാര്‍ സമീപിച്ചിരുന്നു.എന്നാല്‍ മലിന ജലപ്രശ്നത്തിന് പരിഹാരമായില്ല.ഇതിനെ തുടര്‍ന്നാണ് എം എല്‍ എ സ്ഥലത്ത് എത്തുന്നതറിഞ്ഞ് നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.പ്രതിഷേധ പ്രകടനത്തിനിടെ എം എല്‍ എ യും നാട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി ഇതാണ് പ്രകോപനത്തിന് കാരണമായത്.