യുഎസിന് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും 100% തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . ട്രൂത്ത് സോഷ്യലില്‍ നല്കിയ ഒരു പോസ്റ്റിലൂടെയാണ് ഈ നടപടി സ്ഥിരീകരിച്ചത്. അമേരിക്കന്‍ ചലച്ചിത്ര വ്യവസായം വിദേശ എതിരാളികള്‍ കൈയടക്കിയെന്നും ട്രംപ് പറഞ്ഞു. വിദേശ സിനിമകള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ വാണിജ്യ വകുപ്പിനും യുഎസ് ട്രേഡ് റെപ്രസന്റേറ്റീവിനും (USTR) അധികാരം നല്കി.
മെയ് മാസത്തില്‍ ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഈ കാര്യങ്ങളാണ് ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിഷയത്തെ സാമ്പത്തികവും തന്ത്രപരവുമായ നടപടിയെന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. ഞങ്ങളുടെ ചലച്ചിത്ര നിര്‍മ്മാണ ബിസിനസ്സ് മറ്റ് രാജ്യങ്ങള്‍ മോഷ്ടിച്ചു, ഒരു കുട്ടിയുടെ കയ്യില്‍ നിന്ന് മിഠായി മോഷ്ടിക്കുന്നത് പോലെ, അമേരിക്കന്‍ ചലച്ചിത്ര വ്യവസായം അതിവേഗം മരിച്ചുകൊണ്ടിരിക്കുകയാണ്,’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
നിര്‍മ്മാണം വീണ്ടും രാജ്യത്ത് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും ട്രംപ് സൂചിപ്പിക്കുന്നണ്ട് . ‘ഞങ്ങള്‍ക്ക് വീണ്ടും അമേരിക്കയില്‍ സിനിമകള്‍ നിര്‍മ്മിക്കണം!’ കുറഞ്ഞ നിരക്കിലുള്ള സ്റ്റുഡിയോകളും നികുതി ഇളവുകളും കൂലിച്ചെലവു കുറഞ്ഞ തൊഴിലാളികളെയും തേടി വിദേശത്തേക്ക് പോകാതെ യുഎസ് മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാലും, ഈ നയം ഹോളിവുഡിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വ്യവസായ വിദഗ്ദ്ധര്‍ ആശങ്ക ഉന്നയിച്ചു. ഡിസ്നി, പാരാമൗണ്ട്, വാര്‍ണര്‍ ബ്രദേഴ്സ് ഉള്‍പ്പെടെ ഒട്ടേറെ യുഎസ് സ്റ്റുഡിയോകള്‍ ചെലവ് കുറയ്ക്കുന്നതിന് പതിവായി വിദേശത്ത് ചിത്രീകരണം നടത്താറുണ്ട്. കോവിഡില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന കമ്പനികളെ ഈ നീക്കം കൂടുതല്‍ ഞെരുക്കുമെന്നും വിശകലന വിദഗ്ദ്ധര്‍ പറഞ്ഞു.
ലോകത്തിലെ രണ്ടാമത്തെ വലിയ ചലച്ചിത്ര വിപണിയായ ചൈനയുമായുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ തീരുമാനം. ട്രംപിന്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തിന് പിന്നാലെ പ്രീമാര്‍ക്കറ്റ് വ്യാപാരത്തില്‍ വിനോദ സ്റ്റോക്കുകള്‍ ഇടിഞ്ഞു. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, നെറ്റ്ഫ്ലിക്സ് 1.4% ഉം വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറി 0.6% ഉം ഇടിഞ്ഞു.