Martin George| ബോംബ് സ്‌ഫോടനക്കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കിയ സംഭവം; ക്രിമിനലുകള്‍ക്ക് സി.പി.എം സുരക്ഷയൊരുക്കുന്നുവെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Jaihind News Bureau
Tuesday, September 9, 2025

കണ്ണൂര്‍: ക്രിമിനലുകള്‍ക്ക് സി.പി.എം സുരക്ഷാ കവചം ഒരുക്കുകയാണെന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്. പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായ അമല്‍ ബാബുവിനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയ സി.പി.എം നിലപാട് ക്രിമിനല്‍ മുഖം വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലുകള്‍ക്ക് പാര്‍ട്ടി സംരക്ഷണം നല്‍കുമെന്ന സന്ദേശമാണ് സി.പി.എം ഇതിലൂടെ നല്‍കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മുളിയാത്തോട് സ്വദേശി ഷെറില്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തപ്പോള്‍, ഇവര്‍ക്കാര്‍ക്കും സി.പി.എമ്മുമായി ബന്ധമില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം പറഞ്ഞത്. അന്ന് സംഭവസ്ഥലത്തുനിന്ന് ബോംബ് നിര്‍മ്മാണ സാമഗ്രികളും അവശിഷ്ടങ്ങളും നീക്കി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അമല്‍ ബാബുവിനെ പൊലീസ് പ്രതി ചേര്‍ത്തതെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി.

ബോംബ് സ്‌ഫോടനം നടന്ന് ഒന്നര വര്‍ഷം തികയും മുമ്പ് കേസിലെ പ്രതിയെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാക്കിയതിലൂടെ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന പ്രഖ്യാപനമാണ് പാര്‍ട്ടി നടത്തിയിരിക്കുന്നതെന്നും മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആരോപിച്ചു. അമല്‍ ബാബുവിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തിരുന്നുവെന്നാണ് സി.പി.എം നേതൃത്വം ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.