കണ്ണൂരിൽ എം എസ് എം ഇ ടെക്നോളജിക്കൽ എക്സ്റ്റെൻഷൻ സെന്റർ സ്ഥാപിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം കെ സുധാകരൻ എം പി മൈക്രോ, സ്മോൾ ആൻഡ് മീഡിയം, എൻ്റർപ്രൈസസ് വകുപ്പ് മന്ത്രി ജിതിൻ റാം മാഞ്ചിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് കെ സുധാകരൻ എം.പി ക്ക് മന്ത്രി ഉറപ്പു നൽകി. ഹാൻഡ്ലൂം, കയർ, ഫർണിച്ചർ, കാർഷിക ഉൽപ്പന്നങ്ങൾ, കശുവണ്ടി, സമുദ്ര ഭക്ഷ്യ പ്രോസസ്സിംഗ് തുടങ്ങിയ പരമ്പരാഗത മേഖലകളിലും, ഐ.ടി., എഞ്ചിനീയറിംഗ് ഗുഡ്സ് പോലുള്ള പുതിയ മേഖലകളിലും നിർണായകമായ സ്വാധീനമുള്ള ജില്ലയാണ് കണ്ണൂർ.
സാങ്കേതിക നവീകരണവും, ഉൽപ്പന്ന വൈവിധ്യവൽക്കരണവും, ഗുണനിലവാരം മെച്ചപ്പെടുത്തലും ഈ മേഖലയിൽ അത്യാവശ്യമാണ്.
അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമിശാസ്ത്രപരമായ നേട്ടം, മികച്ച ഗതാഗത സൗകര്യം, തൊഴിൽ ശക്തി എന്നിവയെ അടിസ്ഥാനപ്പെടുത്തി ടെക്നോളജിക്കൽ എക്സ്റ്റെൻഷൻ സെന്റർ കണ്ണൂരിൻ്റെ വ്യവസായ വികസനത്തിന് ഗതിവേഗം പകരുമെന്ന് കെ.സുധാകരൻ പറഞ്ഞു.