ആര് എസ് എസ് നേതാവ് സി.സദാനന്ദന് വധശ്രമ കേസില്‍ കണ്ണൂരില്‍ സി പി എം – ആര് എസ് എസ് പോര് മുറുകുന്നു. വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ നിരപരാധികള്‍ എന്ന് ആവര്‍ത്തിച്ച് സിപിഎം നേതാക്കള്‍. വധശ്രമ കേസില്‍ കോടതി ജയിലില്‍ അടച്ച പ്രതികളെ ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതിനോട് ഉപമിച്ച് എം വി ജയരാജന്. കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കിയതുപോലെ സഖാക്കളെ ജയിലില്‍ അടച്ചതായി എം.വി ജയരാജന്.
ആര് എസ് എസ് നേതാവ് സി.സദാനന്ദന് വധശ്രമ കേസിലെ പ്രതികള്‍ക്ക് ജയിലിലേക്ക് പോകേണ്ടി വന്നതോടെയാണ് ഇതിന്റെ പേരില്‍ ആര്‍എസ്എസ് സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ വെല്ലുവിളി ആരംഭിച്ചത്. ജയിലിലേക്ക് പോയ പ്രതികള്‍ക്ക് യാത്രയയപ്പ് ഒരുക്കി കൊണ്ട് സി പി എം ഇതിന് തുടക്കം കുറിച്ചു. സി. സദാനന്ദന് എം.പി യുടെ വധശ്രമ കേസില്‍ എട്ടു സി.പി.എം പ്രവര്‍ത്തകരെ ജയിലില്‍ അടച്ച സംഭവത്തില്‍ സി.പി.എം പഴശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഉരുവച്ചാല്‍ ടൗണില്‍ രാഷ്ട്രീയ വിശദീകരണയോഗം നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വിജയരാജന്‍ ഉദ്ഘാടനം ചെയ്തു. 90 കളില്‍ കണ്ണൂരില്‍ അക്രമം നടത്തിയ കാലത്ത് ആര്.എസ്.എസ് നേതാവായിരുന്ന സി. സദാനന്ദന് മക്കളെ അനുമതിയില്ലാതെ ആര്.എസ്. എസ് ശാഖയിലേക്ക് കൊണ്ടുപോയത് ചോദ്യം ചെയ്തതിനാണ് ബന്ധുവായ പി.എം ജനാര്‍ദ്ദനനെ പണിക്ക് പോകുമ്പോള്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചു അക്രമിച്ചത്. ഈ സംഭവത്തില്‍ പങ്കില്ലെന്ന് സദാനന്ദന് മാസ്റ്റര്‍ക്ക് നെഞ്ചില്‍ കൈ വെച്ചു പറയാന്‍ കഴിയുമോയെന്ന് എം.വി ജയരാജന് ചോദിച്ചു. ഛത്തീസ്ഗഡില്‍ ക്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതുപോലെയാണ് പഴശിയിലെ സഖാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതെന്നും എം വി ജയരാജന് പറഞ്ഞു.
വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ നിരപരാധികള്‍ ആണെന്നും എം വി ജയരാജന് പറഞ്ഞു. നിരപരാധികളെ ശിക്ഷിക്കുന്ന കോടതി വിധിയെ വിമര്‍ശിക്കാതിരിക്കാനാവില്ല. സത്യം വിളിച്ചു പറഞ്ഞതിന് ഇനിയും ജയിലില്‍ പോകാന്‍ താന്‍ തയ്യാറാണെന്നും എം വി ജയരാജന് പറഞ്ഞു. സി. സദാനന്ദന് എതിരെയും എം.വി. ജയരാജന് രൂക്ഷ വിമര്‍ശനം നടത്തി. രാജ്യസഭ എം പി യായി നോമിനേറ്റ് ചെയ്യപ്പെട്ട സി.സദാനന്ദന് ഉരുവച്ചാലില്‍ സ്വീകരണം ഒരുക്കി ഇതിന് മറുപടി പറയാനുള്ള ഒരുക്കത്തിലാണ് ബി ജെ പി. ആര് എസ് എസ് – സി പി എം വാക്പോര് സംഘര്‍ഷത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക പൊലീസിനുണ്ട്.