കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് പരോക്ഷ പരിഭവവുമായി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. ചടങ്ങിന് എത്തില്ലെന്നും ആശംസകള്‍ നേരത്തെ അറിയിക്കുന്നുവെന്നുമാണ് ദിവ്യ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ പരാമര്‍ശിക്കാതെ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കും പ്രത്യേക പ്രശംസ അറിയിച്ച് കൊണ്ടാണ് പി.പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്കാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയെ തഴഞ്ഞത്.. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കെയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം ഭൂരിഭാഗവും നടന്നത്.