ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘത്തിന്റെയും പരസ്യ മദ്യപാനത്തില്‍ തലശ്ശേരി പൊലീസ് കേസെടുത്തു. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കെതിരെയാണ് കേസ്. പൊലീസ് അകമ്പടിയോടെ മദ്യപാനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍ നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കള്‍ എത്തിയത്. സംഘത്തില്‍ ടി പി കേസിലെ കൊലയാളികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു. കുറ്റവാളികളുടെ മദ്യപാനത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
സംഭവത്തില്‍ കണ്ണൂരിലെ മൂന്ന് സിവില്‍ പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള പ്രതികളെ കഴിഞ്ഞ 17-ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് സംഭവം. തലശ്ശേരി കോടതിയില്‍ നിന്ന് വരുന്ന വഴിയാണ് പ്രതികള്‍ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ വച്ച് മദ്യം കഴിക്കാന്‍ അവസരമൊരുക്കുകയായിരുന്നു. സംഭവം പുറത്തുവന്നതോടെ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. നേരത്തെ, കൊടി സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതടക്കം പുറത്തുവന്നിരുന്നു.