K.K SHAILAJA| പ്രതികള്‍ കുറ്റക്കാരല്ലത്രേ…ഇതിപ്പോള്‍ പാര്‍ട്ടിയെ തള്ളാനും കൊള്ളാനും വയ്യെന്നായി; ന്യായീകരിച്ച് കെ.കെ ശൈലജ

Jaihind News Bureau
Tuesday, August 5, 2025

സി.സദാനന്ദന്‍ വധക്കേസിലെ പ്രതികളെ ന്യായീകരിച്ച് മുന്‍ മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ.ശൈലജ. ‘അവര്‍ കുറ്റം ചെയ്തവരായി കരുതുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ പ്രതികളായി ചിത്രീകരിക്കപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരാനാണ് പോയ’തെന്നും ശൈലജ ന്യായീകരിച്ചു. കോടതിയില്‍ കുറ്റക്കാരെന്ന് തെളിഞ്ഞവരാണ്. കോടതി വിധി മാനിക്കുകയും ചെയ്യുന്നു. എന്നാല്‍, അവരെല്ലാം മാന്യമായ രാഷ്ട്രീപ്രവര്‍ത്തനം നടത്തുന്നവരാണെന്നാണ് മുന്‍ മന്ത്രിയുടെ വിശദീകരണം. ഇതിപ്പോള്‍ പാര്‍ട്ടിയെ തള്ളാനും വയ്യ കോടതിയെ അനുസരിക്കുകയും വേണം എന്ന നിലപാടാണ് എംഎല്‍എ എടുത്തിരിക്കുന്നത്.

ഇന്നലെയായിരുന്നു മട്ടന്നൂര്‍ പഴശ്ശിയിലെ സൗത്ത് ലോക്കല്‍ കമ്മിറ്റി വലിയ തരത്തിലുള്ള ഒരു യാത്രയയപ്പ് വധക്കേസ് പ്രതികള്‍ക്ക് നല്‍കിയത്. 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് സി.സദാനന്ദന്റെ കാലുകള്‍ വെട്ടി മുറിച്ച് കൊല്ലാന്‍ ശ്രമിച്ചതിനാണ് പ്രതികള്‍ക്കു നേരെ വധശ്രമത്തിന് കേസെടുത്തത്. ദീര്‍ഘകാലമായി പ്രതികള്‍ ജാമ്യത്തിലായിരുന്നു. സുപ്രീം കോടതിയില്‍ അടക്കം ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെ വന്നതോടെയാണ് ഇന്നലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. ഈ സമയത്താണ് വലിയ ജനക്കൂട്ടത്തോടെ യാത്രയയപ്പ് പരിപാടി നടത്തിയത്. എന്നാല്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നത് പോലെ യാത്രയയപ്പ് പരിപാടിയല്ല നടന്നതെന്നാണ് എംഎല്‍എയുടെ വാദം. എന്നല്‍, അതൊരു പാര്‍ട്ടി പരിപാടി ആയിരുന്നില്ലെന്ന് പൊതു സമൂഹത്തിന് വ്യക്തമായതോടെ വിമര്‍ശനങ്ങള്‍ പല കോണില്‍ നിന്ന് ഉയര്‍ന്നിരുന്നു.