INDIA ALLIANCE| ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം: പ്രതിഷേധം ശക്തമാക്കാന്‍ ‘ഇന്ത്യ’ മുന്നണി, ഓഗസ്റ്റ് 8-ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് പ്രകടനം

Jaihind News Bureau
Monday, August 4, 2025

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ (എസ്.ഐ.ആര്‍) പ്രതിഷേധിച്ച് ‘ഇന്ത്യ’ മുന്നണി രംഗത്ത്. വോട്ടര്‍മാരെ പുറത്താക്കുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 8-ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രകടനം നടത്തും. ഇതിനിടെ, പട്ടികയില്‍ നിന്ന് ആരും പുറത്തായതായി പരാതി ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഈ വിഷയം ഉന്നയിക്കും. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനാല്‍ ഈ ആഴ്ചയും സഭാ സമ്മേളനങ്ങള്‍ തടസ്സപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങളും മാര്‍ഷല്‍മാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് ക്രമക്കേടുകളും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രാഹുല്‍ ഗാന്ധി ഓഗസ്റ്റ് 7-ന് ‘ഇന്ത്യ’ മുന്നണി നേതാക്കള്‍ക്കായി അത്താഴവിരുന്ന് ഒരുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 5, സുന്‍ഹേരി ബാഗില്‍ നടക്കുന്ന ഈ യോഗത്തില്‍ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ സംബന്ധിച്ച് ശേഖരിച്ച തെളിവുകള്‍ രാഹുല്‍ വിശദീകരിക്കും. കര്‍ണാടകയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 5-ന് ബംഗളൂരുവില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രതിഷേധത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു. സെപ്റ്റംബര്‍ 9-ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള സംയുക്ത സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള പ്രാഥമിക ചര്‍ച്ചകളും ഈ യോഗത്തില്‍ നടക്കും.

വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദം തമിഴ്നാട്ടിലേക്കും വ്യാപിച്ചു. ബീഹാറില്‍ നിന്നുള്ള 6.5 ലക്ഷം പേരെ തമിഴ്നാട്ടിലെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള നീക്കമാണെന്ന് ആരോപിച്ച് ഡി.എം.കെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇത് ആശങ്കാജനകമാണെന്നും രാഷ്ട്രീയപരമായും നിയമപരമായും ഇതിനെ നേരിടുമെന്നും കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പ്രതികരിച്ചു.