ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഫെയ്സ്ബുക്കില്‍ കുറിച്ചു. അങ്ങേയറ്റം അനീതിയാണ് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി നേരിടുന്നത്. അന്യായമായി ഗുരുതര വകുപ്പുകള്‍ ചുമത്തി, വിശ്വാസ സമൂഹത്തെക്കൂടി വെല്ലുവിളിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവമുണ്ടായി ആദ്യദിവസം തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നെങ്കിലും ഒരു ജനാധിപത്യ സര്‍ക്കാര്‍ പുലര്‍ത്തേണ്ട അടിസ്ഥാന മര്യാദ പോലും ഇവിടെയുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാനമായ ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നത്. അത്യധികം ആശങ്കയിലാണ് കന്യസ്ത്രീകളായ പ്രീതിയുടെയും വന്ദനയുടെയും കുടുംബങ്ങളും രാജ്യമൊട്ടാകെയുള്ള വിശ്വാസ സമൂഹവും നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിന്റെ കണ്ണൂരിലുള്ള കുടുംബാംഗങ്ങളെ വേണുഗോപാല്‍ എംപി നേരില്‍ ക്കണ്ടു. എത്രയും വേഗം നിയമത്തിനുമുന്നില്‍ ഇരുവരും നിരപരാധികളാണെന്ന് തെളിയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ അവരുമായി പങ്കുവെച്ചുവെന്നും ഇരുവരുടെയും മോചനത്തിന് വേണ്ടി സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നല്കി.