കണ്ണൂര്‍ ആറളം മേഖലയില്‍ മലവെള്ള പാച്ചില്‍. വനമേഖലയില്‍ മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം. പുനരധിവാസ മേഖലയിലെ പതിമൂന്ന്, പതിനൊന്ന് ബ്ലോക്കുകളില്‍ വെള്ളം കയറി. വനപ്രദേശത്തുള്ള ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. ആറളം പുഴയിലും ബാവലി പുഴയിലുമാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്ക്, പതിനൊന്നാം ബ്ലോക്ക് എന്നിവിടങ്ങളില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ആളുകളെ മാറ്റിപാര്‍പ്പിച്ചു. 50ലധികം വീടുകളില്‍ വെള്ളം കയറി. പഴശ്ശി ഡാമിന്റെ താഴെ ഭാഗത്ത് ഇരുകരകളിലും ഉള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി.
പഴശ്ശി ഡാമിന്റെ 13 ഷട്ടറുകള്‍ മൂന്നു മീറ്റര്‍ വീതവും ഒരു ഷട്ടര്‍ രണ്ടര മീറ്ററും ഉയര്‍ത്തി.ആറളം ഫാമിന് അതിരിട്ടൊഴുകുന്ന കക്കുവപ്പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് ഫാമിന്റെ പുനരധിവാസ മേഖലയായ പതിമൂന്നാം ബ്ലോക്കില്‍ താമസിക്കുന്ന മുപ്പതു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പുഴയരികില്‍ താമസിക്കുന്ന കുടുംബങ്ങളെയാണ് ആര്‍ ആര്‍ ടി ഓഫീസ്, സമീപത്തെ കമ്യൂണിറ്റി ഹോള്‍, അങ്കണവാടി എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. കനത്ത മഴയായതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു.
ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.