HIGHCOURT| വിവാദ ട്രാക്ടര്‍ യാത്ര: ‘യാത്ര നടത്തിയത് അനുവാദമില്ലാതെ’; നിയമം ലംഘിച്ചെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്

Jaihind News Bureau
Saturday, July 26, 2025

ശബരിമലയിലെ വിവാദ ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഡിജിപി റിപ്പോര്‍ട്ട്. ശബരിമലയിലെ ട്രാക്ടര്‍ യാത്ര നിയമം ലംഘിച്ചെന്ന് ഡിജിപി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അജിത്കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയത് അനുവാദമില്ലാതെ. എ.ഡി.ജി.പിടെ റിപ്പോര്‍ട്ടില്‍ തൃപ്തിയില്ലെന്നും ഡിജിപി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം എം.ആര്‍. അജിത്കുമാറിന് ശബരിമലദര്‍ശനത്തിന് കൂടുതല്‍ സമയം നല്‍കിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച സ്പെഷല്‍ കമ്മിഷണറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എം.ആര്‍ അജിത്കുമാര്‍ ട്രാക്ടര്‍ യാത്ര നടത്തിയത് അനുവാദമില്ലാതെ എന്ന് സൂചിപ്പിക്കുന്നതോടെ ആസൂത്രിത കൃത്യവിലോപമാണ് നടന്നതെന്ന് വ്യക്തമാകുകയാണ്. ട്രാക്ടറില്‍ യാത്രചെയ്തതിന്, ട്രാക്ടറോടിച്ച പോലീസ് ഡ്രൈവറുടെ പേരിലാണ് കേസ്. ഡ്രൈവറുടെ പേരറിയില്ലെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം. പമ്പയില്‍നിന്ന് ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോയതിന് എം.ആര്‍ അജിത്കുമാറിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പഞ്ചാത്തലത്തില്‍ വിശദീകരണം ആവശ്യപ്പെട്ട ഡിജിപിയോട് കാലിന് വേദനയായതിനാലാണ് ട്രാക്ടറില്‍ പോയതെന്നാണ് അജിത്കുമാര്‍ മറുപടി നല്‍കിയത്. ഈ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ച് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും നല്ലതെന്നും ഡിജിപി റിപ്പോര്‍ട്ടിലുണ്ട്.