കീം റാങ്ക് പട്ടികയ്ക്കെതിരെ കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. പ്രവേശന നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ അപ്പീല്‍ നല്കുവാന് ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും. സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമോ എന്ന കാര്യം കഴിഞ്ഞദിവസം കോടതി ഉന്നയിച്ചിരുന്നു.
അവസാന നിമിഷം ഏകീകരണ ഫോര്‍മുലയില്‍ മാറ്റം വരുത്തിയതെന്തിനെന്നും പ്രോസ്പെക്ടസില്‍ പറയുന്നകാര്യങ്ങള്‍ നടപ്പിലാക്കാനുള്ളതല്ലേയെന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ പ്രോസ്പെക്ടസില്‍ ആവശ്യമായ മാറ്റം വരുത്താന്‍ സര്‍ക്കാരിന് കഴിയും എന്ന വാദമാണ് കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവച്ചത്. അതേസമയം കീം ഓപ്ഷന് രജിസ്ട്രേഷന് സമയപരിധി നീട്ടി. ജൂലൈ 18 വൈകിട്ട് 4 മണി വരെയാണ് നീട്ടിയത്. ഇന്ന് രാവിലെ 11 മണി വരെയായിരുന്നു മുന്‍ വിജ്ഞാപന പ്രകാരം ഓപ്ഷന് നല്‍കേണ്ടിയിരുന്നത്.
പുതുക്കിയ പട്ടിക കേരള സിലബസ് വിദ്യാര്‍ഥികളോടുള്ള നീതി നിഷേധം ആണെന്ന് കേരളസിലബസിലെ കുട്ടികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ് വാദിച്ചു. പ്രോസ്പെക്ട്സ് തിരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഹൈക്കോടതി ഇടപെട്ടത് നയപരമായ വിഷയത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.
15 വിദ്യാര്‍ഥികളാണ് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികള്‍ കക്ഷി ചേര്‍ന്നേക്കുമെന്നാണ് വിവരം. പുതിയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന് ബെഞ്ച് ശരിവച്ചതിനു പിന്നാലെയാണ് പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. പഴയ ഫോര്‍മുല അനുസരിച്ച് റാങ്ക് ലിസ്റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേറ്റ് സിലബസിലുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍തൂക്കം നഷ്ടമായി. ആദ്യ 100 റാങ്കില്‍ 21 പേര് കേരള സിലബസില്‍നിന്നാണ്. പഴയ റാങ്കില്‍ ആദ്യ 100ല്‍ 43 പേര് കേരള സിലബസില്‍നിന്നുള്ളവരായിരുന്നു.