SAMASTHA| സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ച എന്തിന്? വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത

Jaihind News Bureau
Tuesday, July 15, 2025

വിദ്യാഭ്യാസ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത. സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ച എന്തിനെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. സ്‌കൂള്‍ സമയമാറ്റത്തില്‍ പിറകോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.

മുസ്ലിം സമുദായത്തെ അവഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത് ധിക്കാരമായ പോക്കായിരിക്കും. ആവഗണിച്ചാല്‍ തിക്തഫലം ആരായാലും അനുഭവിക്കും. സര്‍ക്കാര്‍ ജനങ്ങളെ വിരട്ടേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചര്‍ച്ചക്ക് സമസ്ത തയ്യാര്‍ ആണ്. മനുഷ്യന്മാര്‍ മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നത് ഗുണം ചെയ്യും. എല്ലാ ഗവണ്മെന്റുകളും അങ്ങനെയല്ലേ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

’47 ലക്ഷം വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ട്. എല്ലാവരുടെയും താല്‍പര്യം സംരക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ ഏതെങ്കിലും വിഭാഗത്തിന്റെ വിശ്വാസത്തിനോ പ്രാര്‍ത്ഥനയ്ക്കോ ഒന്നും എതിരല്ല. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാരിന് പ്രധാനപ്പെട്ടത്. ജിഫ്രി തങ്ങളുമായി സംസാരിച്ചു. തീരുമാനം മാറ്റാനുള്ള ചര്‍ച്ചയല്ല. ബോധ്യപ്പെടുത്താനുള്ള ചര്‍ച്ചയാണ്’, എന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പ്രതികരണം.