കോട്ടയത്ത് വില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി സ്ത്രീ ഉള്‍പ്പെടെ 3 പ്രതികള്‍ പിടിയില്‍. കാരാപ്പുഴ സ്വദേശികളായ ഈശ്വരി ഗണേശന്, അഖില്‍ പി രാജ്, കാഞ്ഞിരം സ്വദേശി അക്ഷയ് സി അജി എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം പുലര്‍ച്ചെ 12.30 മണിയോടെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കോട്ടയം വെസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരി വസ്തുവായ കഞ്ചാവ് പിടികൂടിയത്.
കോട്ടയം പയ്യമ്പളിച്ചിറ ഭാഗത്തെ വീടിന്റെ കിടപ്പുമുറിയില്‍ വില്‍പ്പനയ്ക്കായി സിപ്പ് ലോക്ക് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 1.713 കിലോഗ്രാം കഞ്ചാവാണ് പൊലീസ് കണ്ടെത്തിയത്. ഈ വീട്ടില്‍ ഒന്നാം പ്രതിയായ ഈശ്വരിയും കുടുംബവുമാണ് താമസിച്ചുവന്നിരുന്നത്. കേസിലെ പ്രതികളായ അഖില്‍ അക്ഷയ് എന്നിവര്‍ എം ഡി എം എ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കച്ചവടത്തിനായി സൂക്ഷിച്ച കേസുകളില്‍ പ്രതികളാണ്. അറസ്റ്റിന് പിന്നാലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി.