Private Bus Strike | യാത്രക്കാര്‍ പെരുവഴിയില്‍; സ്വകാര്യബസ്സ് സമരത്തില്‍ വലഞ്ഞ് കൊച്ചി

Jaihind News Bureau
Tuesday, July 8, 2025

 

വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് മുതല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സ്വകാര്യബസ് സമരം കൊച്ചിയേയും സരമായി ബാധിച്ചു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്നവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ പെരുവഴിയിലായ അവസ്ഥയിലാണ്. ബസ് സ്റ്റോപ്പ്കളില്‍ ജനങ്ങള്‍ മണിക്കൂറുകളോളം കാത്തുനിന്ന് വലഞ്ഞു. സ്വകാര്യ ബസ് സര്‍വീസുകള്‍ കൂടുതലായുള്ള മേഖലകളിലെല്ലാം യാത്രക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സ്വകാര്യ വാഹനങ്ങളും മെട്രോയും ആശ്രയിക്കുന്നവരുമുണ്ട്.കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും സ്വകാര്യബസ് സമരം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ധന അടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത സമരസമിതിയുടെ സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നത്. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.