RAMESH CHENNITHALA: സോളാര്‍ ഉപഭോക്താക്കളെ നിരുത്സാഹപ്പെടുത്തുന്ന ശുപാര്‍ശകള്‍ റെഗുലേറ്ററി കമ്മീഷന്‍ അടിയന്തരമായി പിന്‍വലിക്കണം; മണിയാര്‍ പദ്ധതി തിരിച്ചെടുക്കണം: മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ തുറന്ന കത്ത്

Jaihind News Bureau
Sunday, July 6, 2025

സംസ്ഥാനത്തെ സോളാര്‍ ഉപഭോക്താക്കളെ സാമ്പത്തികമായി തകര്‍ക്കുന്ന ശുപാര്‍ശകള്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ചത് പിന്‍വലിക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് തുറന്ന കത്ത് അയച്ചു. ഇത്തരത്തിലുള്ള ശുപാര്‍ശ നടപ്പാക്കിയാല്‍ അത് സോളാര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയ വാഗ്ദാനത്തിന്റെ ലംഘനവും ലോകമെമ്പാടും നടക്കുന്ന ആഗോള കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുനയൊടിക്കലും ആണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ – സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മ്മിച്ച് വൈദ്യുത ഉല്‍പാദനം നടത്തുകയും സ്വകാര്യ കമ്പനിയുടെ കാലാവധി കഴിയുകയും ചെയ്ത മണിയാര്‍ പദ്ധതി കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ എന്ന കമ്പനിയില്‍ നിന്ന് തിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് അതിഭീമമായ നഷ്ടം വരുത്തിവെക്കുന്ന ഹ്രസ്വകാല വൈദ്യുത കരാറുകള്‍ അവസാനിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്ന ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടണണമെന്നും ചെന്നിത്തല നിര്‍ദേശിച്ചു.

കത്തിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി

കുറെ നാളുകളായി വൈദ്യുതി ഉപഭോക്താക്കളെ നിരന്തരമായ നിരക്ക് വര്‍ദ്ധനയിലൂടെ കൊള്ളയടിക്കാനും അതോടൊപ്പം കെ എസ് ഇ ബി ലിമിറ്റഡിനെ സാമ്പത്തികമായി തകര്‍ത്ത് സ്വകാര്യവത്കരിക്കാനുമുള്ള ഗൂഢനീക്കങ്ങളാണ് റെഗുലേറ്ററി കമ്മീഷനെ ഉപയോഗപ്പെടുത്തിയും സ്വകാര്യകമ്പനികളെ അതിരുവിട്ട് സഹായിച്ചും സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സോളാര്‍ വൈദ്യുതി ഉദ്പാദനവും ഉപയോഗവുമായി ബന്ധപ്പെട്ട പുതിയ ശുപാര്‍ശകള്‍. രാഷ്ട്രീയലാഭം മാത്രം ലക്ഷ്യമിട്ട് റെഗുലേറ്ററി കമ്മീഷനെ ചട്ടുകമാക്കി, 2015 ഇല്‍ യു ഡി എഫ് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ കുറഞ്ഞവിലയ്ക്കുള്ള വൈദ്യുതിയുടെ ദീര്‍ഘകാലകരാര്‍ റദ്ദാക്കുക വഴി ഒരുകോടിയിലധികം ഉപഭോക്താക്കള്‍ക്കും കെ എസ് ഇ ബി ലിമിറ്റഡിനും ഏറ്റ കനത്ത ആഘാതം വിട്ടൊഴിയുന്നതിനുമുമ്പാണ് അടുത്ത പ്രഹരമാണ് സോളാര്‍ പ്രോസ്യൂ മേഴ്സ്സിനോട് കാണിക്കുന്ന കൊടിയ വിശ്വാസവഞ്ചന.

സോളാര്‍ ഉപഭോക്താവ് ഉല്‍പ്പാദിപ്പിച്ചു വൈദ്യുതി ബോര്‍ഡിന് കൊടുക്കുന്ന വൈദ്യുതിക്കു തുല്യമായ വൈദ്യുതി തിരികെ നല്‍കുന്ന നിലവിലെ സമ്പ്രദായത്തിന് പകരം ഉത്പാദിക്കുന്ന വൈദ്യുതിയ്ക്കു തുച്ഛ വിലനല്‍കി കെ എസ് ഇ ബി യുടെ വൈദ്യുതിക്ക് കൊള്ളവില ഈടാക്കാനുള്ള ശുപാര്‍ശകളാണ് റെഗുലേറ്ററി കമ്മീഷന്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ലക്ഷങ്ങള്‍ മുടക്കി സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ച ഉപഭോക്താക്കളെ വഞ്ചിക്കുന്ന നടപടി ആണിത്. സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച സമയത്ത് നിലവിലുണ്ടായിരുന്നതില്‍ നിന്ന് വിരുദ്ധമായി വലിയ സാമ്പത്തിക ബാധ്യത കറന്റ് ചാര്‍ജ് ഇനത്തിലും ഫിക്‌സഡ് ചാര്‍ജിനത്തിലും മാത്രമല്ല സ്വന്തം ഉടമസ്ഥതയിലുള്ള മറ്റു കണക്ഷനുകളിലെ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഉപയോഗത്തിന് അനുമതി നിഷേധിക്കുകപോലും ചെയ്തുകൊണ്ട് അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

നിശ്ചിത കപ്പാസിറ്റിയില്‍ കൂടുതലുള്ള പ്ലാന്റുകള്‍ക്ക് ബാറ്ററി സ്റ്റോറേജ് നിര്‍ബന്ധിതമാക്കുന്ന കമ്മിഷന്‍ ശുപാര്‍ശകള്‍ ബാറ്ററി നിര്‍മ്മാതാക്കളെ സഹായിക്കാനുതകുന്നതും ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യത ഉണ്ടാക്കുന്നതുമാണ്.
ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ ആഗോള താപനം കുറയ്ക്കുന്നതിന്റെ ഭാഗമായി സൗരോര്‍ജ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കുമ്പോള്‍, പദ്ധതിയുടെ അന്ത:സത്തയും വൈദ്യുതിയുടെ വൈവിധ്യപൂര്‍ണമായ ആവശ്യകതയും ഉള്‍ക്കൊള്ളാത്ത നടപടികള്‍ക്കു പിന്നില്‍ സൗരോര്‍ജ പദ്ധതികള്‍ മുടക്കി കൃത്രിമ ഊര്‍ജ്ജപ്രതിസന്ധി സൃഷ്ടിച്ച് കമ്പോള വൈദ്യുതി വാങ്ങുവാനുള്ള ദുരുദ്ദേശ്യവും അഭിനിവേശവുമാണ് ഉള്ളത്.
ഉപഭോക്താക്കളെ സൗരോര്‍ജ പദ്ധതികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന ഈ ശുപാര്‍ശകള്‍, അടുത്ത മൂന്നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത് അതിഭീകരമായ ഊര്‍ജ പ്രതിസന്ധിയും വന്‍തോതില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാചചര്യവും വരുത്തി വയ്ക്കും.

മണിയാര്‍ പദ്ധതി അടിയന്തിരമായി ഏറ്റെടുക്കാന്‍ കെ എസ് ഇ ബി ലിമിറ്റഡിന് നിര്‍ദ്ദേശം നല്‍കണം.

സി. പി പി (ക്യാപ്റ്റീവ് പവര്‍ പ്രൊജക്റ്റ് ) പദ്ധതി പ്രകാരം ബൂട്ട് (BOOT – BUILD OWN OPERATE TRANSFER) അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിട്ടുകൊടുത്ത മണിയാര്‍ പദ്ധതിയുടെ കാലാവധി 2024 ഡിസംബര്‍ 30 ന് കഴിഞ്ഞതാണ്. കഴിഞ്ഞ ആറുമാസമായി കാര്‍ബോറാണ്ടം എന്ന ഒരു സ്വകാര്യകമ്പനി സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഉള്ള ജലവൈദ്യൂത പദ്ധതിയില്‍ നിന്നും നിസ്സാര ചിലവില്‍ വൈദ്യുതി ഉണ്ടാക്കി സര്‍ക്കാരിനു തന്നെ ഭീമമായ നിരക്കില്‍ വിറ്റ് കോടികള്‍ തട്ടുകയാണ്. ഞാന്‍ ഈ വിഷയം മുമ്പ് പല തവണ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും എടുത്തിട്ടില്ല. കോടികളുടെ അഴിമതിഇടപാടുകളാണ് ഇതുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്നത്.
കരാര്‍ പ്രകാരമുള്ള കാലാവധി കഴിഞ്ഞും മണിയാര്‍ പദ്ധതി കൈവശം വച്ച് വൈദ്യുതി ഉത്പാദനം നടത്തി വില്‍ക്കുന്ന കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ കമ്പനിക്ക് അടിയന്തിരമായി സ്റ്റോപ്പ് മെമ്മൊ നല്‍കി നഷ്ടപരിഹാരം ഈടാക്കുവാന്‍ നടപടികള്‍ കൈക്കൊള്ളണം. 18/1/95 ലെ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം അതിന്റെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളോടും കൂടി കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡ്, 30/12/2024 ന് കെ എസ് ഇ ബി ലിമിറ്റഡിന് കൈമാറേണ്ടതും ആയത് 31/12/24 മുതല്‍ കെ എസ് ഇ ബി ലിമിറ്റഡിന്റെ കൈവശം വരേണ്ടതുംആണ്. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡ് അനധികൃതമായി പദ്ധതി കൈവശം വച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു വില്‍പ്പന നടത്തുകയാണ്. കെ എസ് ഇ ബി ലിമിറ്റഡ് വ്യവസ്ഥപ്രകാരമുള്ള നോട്ടിസ് നല്‍കിയിട്ടും സ്വകാര്യകമ്പനി പദ്ധതി സര്‍ക്കാരിന് കൈമാറാത്തത് ഗുരുതരമായ നിയമലംഘനമാണ്. കെ എസ് ഇ ബി ലിമിറ്റഡിന് അതിഭീമമായ സാമ്പത്തിക നഷ്ടം വരുത്തി തീര്‍ക്കുന്നതും സങ്കീര്‍ണ്ണമായ നിയമപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നതുമായ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് കമ്പനിയ്ക്ക് കൈവശാവകാശം സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടിയുള്ള ഒത്താശയുടെ ഭാഗമാണ്.

പൂര്‍ത്തീകരിച്ച ജലവൈദ്യുതപദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കണം, ജലവിനിയോഗത്തിലെ അപാകതകള്‍ പരിഹരിക്കണം.

ഒരു വശത്ത് ജലവൈദ്യുത പദ്ധ തികളുടെ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുമ്പോള്‍ മറുവശത്ത് പൂര്‍ത്തീകരിച്ച വൈദ്യുതപദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നില്ല. ഭൂതത്താന്‍ കെട്ട്, പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടും ഉത്പാദനക്ഷമമായിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ധാരാളം മഴ ലഭിച്ചിട്ടും പൂര്‍ണ്ണതോതില്‍ പ്രയോജനപെടുത്താന്‍ കഴിയാത്തുമൂലം വലിയ തോതില്‍ പാഴായി പോയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. മൂഴിയാര്‍ പവ്വര്‍ ഹൗസില്‍ 50 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ജനറേറ്റര്‍ നിസ്സാരമായി പരിഹരിക്കാവുന്ന കേടുപാടുകളുടെ പേരില്‍ നാലു വര്‍ഷമായി നിര്‍ത്തിയിട്ടതുമൂലം 200കോടിയിലധികം രൂപയുടെ നഷ്ടം കെ എസ് ഇ ബി യ്ക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ മാര്‍ഗരേഖകള്‍ക്ക് വിരുദ്ധമായി ആവശ്യത്തിലധികം ജലം, സംഭരണികളില്‍ നിലനിര്‍ത്തി ആഭ്യന്തര ഉത്പാദനം കുറച്ചതുമൂലം ഉയര്‍ന്നവിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നതും കെ എസ് ഇ ബി യ്ക്ക് കനത്ത സാമ്പത്തികബാധ്യതയാണ് ഉണ്ടാക്കിയത്.

മേല്‍പ്പറഞ്ഞവയെല്ലാം കേരളത്തിന്റെ വൈദ്യുതി മേഖലയെ പൊതുവെയും ഉപഭോക്താക്കളെയും കെ എസ് ഇ ബി ലിമിറ്റഡിനെയും പ്രത്യേകമായും ഗുരുതരമായി ബാധിക്കുന്ന അടിയന്തിര വിഷയങ്ങളാണ്. അര്‍ഹിക്കുന്ന ഗൗരവത്തോടെയും അവധാനതയോടെയും ഇക്കാര്യങ്ങളില്‍ ഇടപെട്ട് സത്വര പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

രമേശ് ചെന്നിത്തല