IND VS ENG| എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്ക് മികച്ച ഒന്നാം ഇന്നിംഗ്‌സ് ലീഡ്; ഇംഗ്ലണ്ട് 407 ന് പുറത്ത്; സിറാജിന് ആറ് വിക്കറ്റ്

Jaihind News Bureau
Saturday, July 5, 2025

എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്ക് മികച്ച ലീഡ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 180 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി വീണ്ടും ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സെടുത്തു. കെഎല്‍ രാഹുല്‍ (28*), കരുണ്‍ നായര്‍ (7*) എന്നിവരാണ് ക്രീസില്‍. 28 റണ്‍സെടുത്ത യശസ്വി ജയ്സ്വാളാണ് പുറത്തായത്.

ഒന്നാം ഇന്നിങ്സില്‍ 587 റണ്‍സെടുത്ത ഇന്ത്യയ്ക്ക് നിലവില്‍ 244 റണ്‍സിന്റെ ലീഡുണ്ട്. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 89.3 ഓവറില്‍ 407 റണ്‍സെടുത്തു പുറത്തായിരുന്നു.  4 റണ്‍സ് ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങിയ ഇംഗ്ലണ്ടിനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹാരി ബ്രൂക്ക്- ജാമി സ്മിത്ത് സഖ്യം അവിശ്വസനീയമാം വിധം കരകയറ്റുകയായിരുന്നു. ഇരുവരും സെഞ്ച്വറി നേടി ഇന്ത്യന്‍ ബൗളര്‍മാരെ ഏറെനേരം വശംകെടുത്തി. ഈ സഖ്യം 303 റണ്‍ൃസിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. ബ്രൂക്ക്-സ്മിത്ത് സഖ്യം പൊളിച്ചതിനു പിന്നാലെ ശേഷിച്ച നാല് വിക്കറ്റുകള്‍ ഇന്ത്യ അതിവേഗം വീഴ്ത്തുകയായിരുന്നു.

ഇന്ത്യക്കു വേണ്ടി മൂഹമ്മദ് സിറാജ് ആറു വിക്കറ്റുകളുമായി മിന്നി. സിറാജിന്റെ കരിയര്‍ ബെസ്റ്റ് ബൗളിങ് പ്രകടനം കൂടിയാണിത്. നാലു വിക്കറ്റുകള്‍ പിഴുത ആകാശ്ദീപ് സിറാജിന് മികച്ച പിന്തുണ നല്‍കി.

നേരത്തേ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് ഷോ തന്നെയാണ് ഇന്ത്യയുടെ ആദ്യ ഇന്നിങ്സില്‍ കണ്ടത്. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ നായകന്റെ എക്കാലത്തെയും മികച്ച സ്‌കോറാണ് ഗില്‍ സ്വന്തമാക്കിയത്. നാലാം നമ്പറില്‍ ഇറങ്ങിയ ഗില്‍ 269 റണ്‍സ് വാരിക്കൂട്ടിയാണ് ക്രീസ് വിട്ടത്. 387 ബോളുകള്‍ നേരിട്ട ഗില്‍ 30 ഫോറും മൂന്നു സിക്സറുകളുമടിച്ചു.

ഗില്ലിനെക്കൂടാതെ രവീന്ദ്ര ജഡേജ (89), യശസ്വി ജയ്സ്വാള്‍ (87), വാഷിങ്ടണ്‍ സുന്ദര്‍ (42) എന്നിവരുടെ പ്രകടനവും ഇന്ത്യക്കു കരുത്തായി. ആറാം വിക്കറ്റില്‍ ഗില്ലും ജഡേജയും ചേര്‍ന്നുള്ള ഡബിള്‍ സെഞ്ച്വറി കൂട്ടുകെട്ടും ഏഴാം വിക്കറ്റില്‍ ഗില്ലും വാഷിങ്ടണുമുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടുമാണ് ഇന്ത്യയെ 550 കടത്തിയത്.