KSU MARCH| യുദ്ധക്കളമായി തലസ്ഥാന നഗരി; കെ എസ് യു സെക്രട്ടേറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം

Jaihind News Bureau
Thursday, July 3, 2025

 

കേരളാ സാങ്കേതിക സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ഇയര്‍ ബാക്ക് സിസ്റ്റം പിന്‍വലിക്കുക, മുടങ്ങിക്കിടക്കുന്ന എല്ലാ യൂണിവേഴ്‌സിറ്റികളുടെയും വിസി നിയമനങ്ങള്‍ നിയമവിധേയമായി പൂര്‍ത്തിയാക്കുക, പ്രിന്‍സിപ്പാള്‍ നിയമനങ്ങള്‍ മുടങ്ങിക്കിടക്കുന്ന എല്ലാ സര്‍ക്കാര്‍ കലാലയങ്ങളിലും ഉടന്‍ നിയമനം പൂര്‍ത്തിയാക്കുക, അധ്യാപക ഒഴിവുകള്‍ നികത്തുക, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളോടുള്ള അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെഎസ്‌യു മാര്‍ച്ച്. പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ ലാത്തി ചാര്‍ജ്ജില്‍ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, വൈസ് പ്രസിഡന്റ് എം.ജെ യദുകൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ലാത്തി ചാര്‍ജ് പ്രയോഗത്തില്‍ ഗോകുല്‍ ഗുരുവായൂരിന്റെ തലക്കാണ് പരിക്കേറ്റത്.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച പ്രകടനം സെക്രട്ടറിയേറ്റിനു മുന്നില്‍ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇടതു സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ തച്ചുതകര്‍ത്തെന്നും കേരളത്തിലെ വിദ്യാഭ്യാസ മേഖല വെന്റിലേറ്ററിലാണെന്നും എ.പി അനില്‍കുമാര്‍ പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖല നിരവധിയായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ സര്‍ക്കാര്‍ സംഘപരിവാറുമായി ‘ഡീല്‍ ‘ ഉറപ്പിക്കാനുള്ള ഓട്ടത്തിലാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പരിഹസിച്ചു. സര്‍ക്കാര്‍ പ്രതിസന്ധിയിലും പ്രതിരോധത്തിലുമാകുന്ന ഘട്ടങ്ങളിലെല്ലാം രക്ഷാകവചമൊരുക്കാന്‍ ഗവര്‍ണര്‍മാര്‍ അവതരിച്ചിട്ടുണ്ടെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ യദുകൃഷ്ണന്‍, ആന്‍ സെബാസ്റ്റ്യന്‍, അരുണ്‍ രാജേന്ദ്രന്‍ സംസ്ഥാന ഭാരവാഹികളായ നിതിന്‍ മണക്കാട്ടുമണ്ണില്‍, ആദേശ് സുദര്‍മന്‍, ഗോപു നെയ്യാര്‍, അനീഷ് ആന്റണി, മിവാ ജോളി, സിംജോ സാമുവേല്‍, റെനീഫ് മുണ്ടോത്ത്, അബ്ബാദ് ലുത്ഫി, അരുണ്‍ എസ്.കെ, അന്‍വര്‍ സുല്‍ഫിക്കര്‍, അന്‍ഷിദ് ഇ കെ, ജവാദ് പുത്തൂര്‍, ജെയ്ന്‍ ജെയിസണ്‍, ആഷിക് ബൈജു എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധം തുടര്‍ന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ആദ്യം ജലപീരങ്കി പ്രയോഗിച്ച പോലീസ് പിന്നീട് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു.