വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരിച്ച സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വിധിച്ച 7 ലക്ഷം രൂപ നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. 10 ദിവസത്തിനുള്ളില്‍ തുക ഹൈക്കോടതിയില്‍ കെട്ടിവയ്ക്കാനാണ് ബെഞ്ച് ഉത്തരവിട്ടത്. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് വന്നതിന് മാസങ്ങള്‍ക്കുശേഷം റിട്ട് ഹര്‍ജിയുമായി എത്തിയതിന് കോടതി സര്‍ക്കാരിനെ രൂഭമായി വിമര്‍ശിച്ചു. വൈകിയതിന്റെ കാരണം വിശദമാക്കാനും ഹര്‍ജി ഭേദഗതി ചെയ്തു സമര്‍പ്പിക്കാനും കോടതി നിര്‍ദേശവും നല്‍കി.
2024 ഒക്ടോബര്‍ ഒന്നിനാണ് സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. എന്നാല്‍ ഈ നിര്‍ദേശം നടപ്പാക്കാതെ പൂഴ്ത്തിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതേത്തുടര്‍ന്ന് ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെയാണ് കമ്മിഷന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക് പോയത്. റിട്ട് ഹര്‍ജി ഇത്ര വൈകി സമര്‍പ്പിച്ചതിന്റെ കാരണം പോലും സര്‍ക്കാര്‍ വിശദമാക്കിയിട്ടില്ല എന്ന് കോടതി വിമര്‍ശിച്ചു. ഇത്തരത്തിലല്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
2024 ഫെബ്രുവരി 18നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ഥനെ വയനാട് പൂക്കോട് വെറ്ററിനറി കോളേജ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ സിദ്ധാര്‍ത്ഥന്‍ റാഗിങ്ങിന് ഇരയായെന്ന് കണ്ടെത്തുകയും 18 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.